തിരുവനന്തപുരം: എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയുടെ കൊമ്പില്‍ പിടിച്ച് കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറും ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്ഐയും. സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതോടെ  പുലിവാല്‍ പിടിച്ച് പൊലീസ്. ആന പരിപാലന നിയമങ്ങള്‍ പൊലീസുകാര്‍ ലംഘിച്ചെന്നാണ് ആരോപണം. ചെല്ലമംഗലം ക്ഷേത്രത്തിൽ ആനയൂട്ട് നടക്കുമ്പോഴാണ് സംഭവം.

ആനയൂട്ട് നടക്കുന്നതിനിടെയാണ് പൊലീസുകാര്‍ ആനയുടെ കൊമ്പില്‍ പിടിച്ച് നിന്ന് ചിത്രമെടുത്തത്. എഴുന്നെള്ളിപ്പിനും പൊതുപരിപാടികൾക്കും കൊണ്ടു വരുമ്പോൾ  ആനയുടെ ശരീരത്തിൽ ഒന്നാം പാപ്പൻ മാത്രമേ സ്പർശിക്കാൻ പാടുള്ളൂവെന്ന സർക്കാർ നിർദേശമാണ് പൊലീസുകാര്‍ ലംഘിച്ചുവെന്നാണ് പരാതി. ത്യശ്ശൂർ തിരുവമ്പാടി ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി കെ വെങ്കിടാചലമാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഹോം സെക്രട്ടറിക്കും പരാതി നൽകിയത്.

പൊലീസുകാർ ആനയുടെ കൊമ്പിൽ പിടിച്ചു നിന്ന ചിത്രം  സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. നേരത്തെ കോഴിക്കോട്  വടകരയിലെ ഒരു വിവാഹ വേദിയില്‍ എത്തിച്ച മോഴ ആനയ്ക്ക് കൊമ്പുകള്‍ ഘടിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. കൃത്രിമ കൊമ്പ് വച്ച ആനയ്ക്ക് അതു മാറ്റാതെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ആന പട്ടിണിയായതിനാൽ വരനും വരന്റെ അച്ഛൻ, ആന ഉടമ എന്നിവർക്കെതിരെയും കേസെടുക്കണമെന്നും ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് ആവശ്യപ്പെടുന്നു.