മാന്നാര്‍: അസൗകര്യങ്ങളുടെ, സുരക്ഷിതമില്ലായ്മയ്ക്ക് നടുവിലാണ് നാടിന് കാവലാളാവേണ്ട പൊലീസുകാരും കുടുംബവും അന്തിയുറങ്ങുന്നത്. മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലുള്ള 55 വര്‍ഷം പഴക്കമുള്ള പൊലീസ് കോട്ടഴ്‌സുകളിലാണ് പന്ത്രണ്ടോളം  കുടുംബങ്ങള്‍ ഭീതിയോടെ കഴിയുന്നത്. എപ്പോഴ് വേണെമെങ്കിലും ഇടിഞ്ഞുവീഴാറായ പൊലീസ് കോട്ടേഴ്‌സുകള്‍.

ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് പൊലീസ് കോട്ടഴ്‌സുകള്‍. മഴ പെയ്താല്‍ കോട്ടേഴ്‌സിന്‍റെ അകത്തും പുറത്തും വെള്ളമാണ്. ഓടുകള്‍ പൊട്ടി കഴുക്കോല്‍ ദ്രവിച്ചും ഭിത്തികള്‍ രണ്ടായി പൊട്ടി, കതക്, കട്ടിള എന്നിവ ബലക്ഷയത്താല്‍ ഏത് നിമിഷവും നിലംപൊത്താറായ നിലയിലാണ്. മഴവെള്ളം മുറിയിലേക്ക് വീഴാതിരിക്കാന്‍ കോട്ടേഴ്‌സിന്‍റെ മുകളില്‍ ടാര്‍പ്പോളിന്‍ കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. 

കാലാകാലങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ വകുപ്പധികൃതര്‍ തയ്യാറാകാതിരുന്നതും കോട്ടേഴ്‌സിന്‍റെ പതനത്തിന് കാരണമായി. ഒരേക്കറോളമുള്ള സ്ഥലത്താണ് പൊലീസ് സ്‌റ്റേഷന്‍റെ പ്രവര്‍ത്തനവും കോട്ടേഴ്‌സുമുള്ളത്. ദൂരെ നിന്നും സ്റ്റേഷനില്‍ ഡ്യൂട്ടിക്കായി എത്തുന്ന പൊലീസുകാരും അവരുടെ കുടുംബങ്ങളും പൊളിഞ്ഞ് വീഴാറായ കേട്ടേഴ്‌സില്‍ താമസിക്കാന്‍ തയ്യാറാകാതെ വാടകയ്ക്ക് വീടുകള്‍ തേടിപോകേണ്ട അവസ്ഥയാണ്. കോട്ടേഴ്‌സ് പൊതുമരാമത്ത് വിഭാഗം അറ്റകുറ്റപണികള്‍ നടത്താതെ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.