Asianet News MalayalamAsianet News Malayalam

സെക്കന്റുകൾ പിഴച്ചിരുന്നെങ്കിൽ... ആത്മഹത്യയിൽ നിന്ന് ഒരു ജീവൻ തിരിച്ചുപിടിച്ച് വെഞ്ഞാറമൂട് പൊലീസ്

പെട്ടന്ന് ഒരു മനുഷ്യരൂപം ഫർണിച്ചർ ഉണ്ടാക്കി വിൽക്കുന്ന കടയുടെ മുന്നിലായി കാണുന്നതുപോലെ തോന്നി. സംശയം തോന്നിയ അദ്ദേഹം പെട്ടെന്ന് ഇറങ്ങി ആ ഭാഗത്തേക്ക് ടോർച്ചടിച്ച് നോക്കുമ്പോൾ ആത്മഹത്യക്കായി ഡെസ്കിന് മുകളിൽ കയറി കഴുത്തിൽ കുരുക്ക് ഇട്ട് നിക്കുന്ന ഒരു മനുഷ്യനെയാണ് കാണുന്നത്...

police rescued a man from suicide in Thiruvananthapuram
Author
Thiruvananthapuram, First Published Nov 11, 2021, 9:29 AM IST

തിരുവനന്തപുരം: കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ നൈറ്റ് പട്രോളിങ്ങിനിടെ രക്ഷപ്പെടുത്തിയ പൊലീസുകാര്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ അബിനന്ദനം. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ദൈവദൂതരെപ്പോലെ  പൊലീസുകാരെത്തി യുവാവിന് പുതു ജീവന്‍ നല്‍കിയത്.  വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സൈജു നാഥ്‌, എ.എസ്.ഐ പ്രസാദ്, സി.പി.ഒ അശോക് അശോക് എന്നിവരെയാണ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി പി.കെ. മധു ഐ.പി.എസ് അഭിനന്ദിച്ചത്. 

ബുധനാഴ്ച രാത്രി 11.45ന് വെഞ്ഞാറമൂട് പോത്തൻകോട് റോഡിൽ വേളാവൂർ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. പതിവ് പോലെ നൈറ്റ് പട്രോളിംഗിന് ഇറങ്ങിയതാണ് എ.എസ്.ഐ പ്രസാദും സി.പി.ഒ അശോക് അശോകും. പെട്രോൾ പമ്പിന് സമീപമുള്ള ഫർണിച്ചർ നിർമ്മാണ കേന്ദ്രത്തിന് സമീപം കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് ജീപ്പിൽ ഉണ്ടായിരുന്ന എ.എസ്.ഐ പ്രസാദ് ടോർച്ച് ഉപയോഗിച്ച് ചുറ്റും വീശി നോക്കി പതുക്കെ മുന്നോട്ട് പോകുകയിരുന്നു. പെട്ടന്ന് ഒരു മനുഷ്യരൂപം ഫർണിച്ചർ ഉണ്ടാക്കി വിൽക്കുന്ന കടയുടെ മുന്നിലായി കാണുന്നതുപോലെ തോന്നി. 

സംശയം തോന്നിയ  എ.എസ്.ഐ പ്രസാദ് പെട്ടെന്ന് വാഹനത്തില്‍ നിന്നും ഇറങ്ങി ആ ഭാഗത്തേക്ക് ടോർച്ചടിച്ച് നോക്കുമ്പോൾ ആത്മഹത്യക്കായി ഡെസ്കിന് മുകളിൽ കയറി കഴുത്തിൽ കുരുക്ക് ഇട്ട് നിക്കുന്ന ഒരു യുവാവിനെയാണ് കാണുന്നത്. പൊലീസിനെ കണ്ട ഉടനെ ഇയാൾ ഡെസ്കില്‍ നിന്നും താഴേക്ക് ഇറങ്ങി ബോധരഹിനെ പോലെ കിടന്നു. ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് എത്തുമ്പോഴേക്കും നിലത്ത് ബോധരഹിതയായി കിടന്ന യുവാവ് ചാടി എഴുന്നേറ്റു തന്നെ മരിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു. 

ഭാര്യയുമായുള്ള കുടുംബപ്രശ്നമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് ഇയാള്‍ പറഞ്ഞത്. ആത്മഹത്യാ ശ്രമത്തിന്‌ മുൻപ് മദ്യപിച്ചിട്ടുണ്ട്. "എന്റെ മരണത്തിൽ ആരും ഉത്തരവാദികൾ അല്ല സ്വയം ഇഷ്ടപ്രകാരം ഞാൻ മരണത്തിലേക്ക് പോകുന്നു അതുകൊണ്ടുതന്നെ ഞാൻ തൂങ്ങി മരിക്കുന്ന ഈ കടക്കും മറ്റു വ്യക്തികൾക്കും എന്റെ മരണത്തിൽ പങ്കില്ല" എന്ന് ഒരു ആത്മഹത്യ കുറിപ്പും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു.   

കനത്ത മഴയെയും അവഗണിച്ച് പൊലീസുകാര്‍ യുവാവിനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചു.  വിവരം അറിഞ്ഞെത്തിയ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ സൈജു നാഥ്‌ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് യുവാവിനെ പറഞ്ഞു മനസിലാക്കി കൊടുത്തു. ഇയാളുടെ മൊബൈൽ വാങ്ങി ബന്ധുക്കളെ വിവരം അറിയിച്ചു.

പൊലീസ് സംഘം നേരെ ഇയാളുമായി കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇയാൾക്ക് വേണ്ട സഹായം ഒരുക്കാം എന്നും വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ എത്താനും അറിയിച്ചു. തുടർന്ന് നേരെ വീട്ടിൽ എത്തിച്ചു. തങ്ങൾ ഒരു മിനിറ്റ് വൈകിയിരുന്നുയെങ്കിൽ 40കാരന്റെ ജീവൻ നഷ്ടമാകുമായിരുന്നു എന്ന് എ.എസ് ഐ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഒരു ജീവൻ രക്ഷിച്ച സന്തോഷത്തിലാണ് എ.എസ്.ഐ പ്രസാദും സി.പി.ഒ അശോക് അശോകും.  പൊലീസ് ഉദ്യോഗസ്ഥരുടെ   സമയോചിത ഇടപെടലിനാൽ ഒരു ജീവൻ രക്ഷിക്കാനായെന്നും ഉദ്യോഗസ്ഥര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി പി.കെ. മധു പറഞ്ഞു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Follow Us:
Download App:
  • android
  • ios