കറ്റാനം: ലോക്ക്ഡൗണിൽ ഭക്ഷണത്തോടൊപ്പം സംഗീതവും ഗൃഹാതുരതയും സംയോജിപ്പിച്ച് പൊലീസ് ഭക്ഷണശാല. വള്ളികുന്നം പൊലീസ് സ്റ്റേഷനിലാണ് 1950-60 കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന കാന്റീൻ കഴിഞ്ഞ ദിവസം ആരംഭിച്ചത്. ലോക്ക്ഡൗണിൽ ഹോട്ടലുകൾ അടച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ തന്നെ ഭക്ഷണം പാചകം ചെയ്യണമെന്ന സർക്കാർ നിർദ്ദേശം അനുസരിച്ചാണ് പുതിയ ഭക്ഷണശാല ആരംഭിച്ചത്‌. 

തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന മുറിയാണ് ഭക്ഷണശാലയാക്കി മാറ്റിയത്. പഴയകാല സിനിമകളായ ചെമ്മീനിന്റെയും ശരപഞ്ചരത്തിന്റെയും അടക്കമുള്ള പോസ്റ്ററ്റുകൾ ഭിത്തിയിൽ ഇടം പിടിച്ചിട്ടുണ്ട്. കരി ഉപയോഗിച്ച് ഓരോ ദിവസത്തേയും ഭക്ഷണ വിവരങ്ങൾ ബോർഡിൽ എഴുതിയിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഹെൽമറ്റും കുപ്പികളും വാഹനത്തിന്റെ ഹെഡ് ലൈറ്റും വെളിച്ചത്തിനു വേണ്ടി രൂപകൽപ്പന ചെയ്ത് മാറ്റിയിട്ടുണ്ട്. കാറിന്റെ സ്റ്റിയറിംങ് കസേരയായി രൂപാന്തരപ്പെടുത്തിയിട്ടുമുണ്ട്. 

ഉറിയിൽ മൺപാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന പഴങ്കഞ്ഞിയും മത്തിക്കറിയുമാണ് ചില ദിവസങ്ങളിലെ രാവിലത്തെ ഭക്ഷണം. ഭക്ഷണങ്ങൾ വിളമ്പാൻ ഒരു അമ്മയും ഇവിടെ ഉണ്ട്. കാമ്പിശ്ശേരി കൊച്ചു വീട്ടിൽ അറുപത്തിയഞ്ചുകാരിയായ ദേവകിയമ്മയാണ് സഹായത്തിനായുള്ളത്. സി.പി.ഒയും കലാകാരനുമായ അനീഷാണ് ഭക്ഷണശാലയുടെ കലാപരമായ കാര്യങ്ങൾക്ക് മേൽനോട്ടം. 50-60 കാലഘട്ടങ്ങളിലെ പാട്ടുകളും ഒഴുകിയെത്തുന്നു. 

പഴയ കാല അന്തരീക്ഷത്തോടു കൂടിയുള്ള ഒരു ഭക്ഷണശാല മാനസികമായി മികച്ച നിമിഷങ്ങളാണ് നൽകുന്നതെന്നും അത് ജോലിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും ഭക്ഷണശാലയ്ക്ക് ചുക്കാൻ പിടിക്കുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ്.ഗോപകുമാർ പറഞ്ഞു. യൂണിവേഴ്സിറ്റി പഠന കാലത്ത് നാടക സംവിധായകൻ കൂടിയായിരുന്നു സി.ഐ. ഭക്ഷണശാലയോട് ചേർന്ന് ഉടൻ തന്നെ ജൈവ പച്ചക്കറി കൃഷി ആരംഭിക്കും. ഇവിടുന്ന് കിട്ടുന്ന വിളകളാവും ഭക്ഷണത്തിന് പിന്നീട് ഉപയോഗിക്കുക. പുറത്ത് നിന്നും സ്റ്റേഷനിലെത്തുന്നവർക്കും അത്യാവശ്യമുള്ളവർക്കും ഭക്ഷണം  ഇവിടെ നിന്ന് കഴിക്കാവുന്നതാണ്.