തിരുവനന്തപുരം കഴക്കൂട്ടത്ത് നബിദിനാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ആക്രമിച്ച പ്രതികൾക്കായി അന്വേഷണം ഊർജിതം. പാറക്കരി സ്വദേശികളായ നാലുപേർക്ക് വേണ്ടിയാണ് അന്വേഷണം നടക്കുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
തിരുവനന്തപുരം: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ അന്വേഷണം ഊർജിതമാക്കി കഴക്കൂട്ടം പൊലീസ്. പാറക്കരി സ്വദേശികളായ ബിലാൽ, അഫ്‌സൽ, സുൽത്താൻ, യാസിൻ എന്നിവർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. പിന്നാലെ ഇവരുടെ വീടുകൾ ഉൾപ്പടെ നിരീക്ഷണത്തിലാണ്.
ചാന്നങ്കര സ്വദേശിയായ അദീഫ് കബീർ (20), കഴക്കൂട്ടം സ്വദേശി അജിംഷ എന്നിവർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി 9:20 ഓടെ വടക്കുംഭാഗം പാറക്കരി ഭാഗത്ത് നടന്ന ദഫ്‌മുട്ട് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. മുൻവൈരാഗ്യത്തിൻ്റെ പേരിൽ പ്രതികൾ അദീഫിനെയും സുഹൃത്ത് അജിംഷായെയും ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ആയുധംകൊണ്ട് തലയ്ക്ക് കുത്താൻ ശ്രമിച്ചെങ്കിലും അദീഫ് ഒഴിഞ്ഞുമാറിയതിനാൽ നെറ്റിയുടെ മുകളിലായി പരിക്കേറ്റു. തുടർന്ന് അദീഫിനെ ക്രൂരമായി മർദിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഇവരെക്കുറിച്ച് വിവരം ലഭിച്ചതായും കഴക്കൂട്ടം പൊലീസ് അറിയിച്ചു.


