അറസ്റ്റ് ചെയ്ത ശേഷം യുവാവിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും പണവും പിടിച്ചെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം കുന്നുമല വീട്ടിൽ സെയ്ദാലി (28) ആണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്.
ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി എത്തുന്നു എന്ന രഹസ്യ വിവരം പൊലീസിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടർന്ന് വീട്ടിലും പൊലീസ് സംഘം പരിശോധന നടത്തി. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും, അത് വിറ്റ് കിട്ടിയ പണവും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
