കല്‍പ്പറ്റ: ചില്ലറവില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച വിദേശ മദ്യശേഖരം പിടിച്ചെടുത്തു. മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട് കരിമ്പില്‍ കുന്നുംപുറത്ത് വാസുവിന്റെ വീട്ടിലായിരുന്നു മദ്യം ഒളിപ്പിച്ച് വില്‍പ്പന നടത്തിയിരുന്നത്. അര ലിറ്റര്‍ വരുന്ന 24 മദ്യകുപ്പികള്‍ തൊണ്ടര്‍നാട് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതി വാസു ഓടി രക്ഷപ്പെട്ടു. 

മദ്യത്തിന്റെ ആവശ്യക്കാരെന്ന തരത്തിലാണ് പോലീസ് സമീപിച്ചത്. സാധാരണ വേഷത്തിലെത്തിയ പൊലീസുകാര്‍ക്ക് മദ്യം കൈമാറുന്നതിനിടെ സംശയം തോന്നിയ വാസു ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കുറിച്ച് നിരന്തരം പോലീസിലും എക്‌സൈസിലും ലഭിച്ച പരാതിയെ തുടര്‍ന്നായിന്നു പരിശോധന. രണ്ട് വകുപ്പുകളിലും കൂടി എട്ട് കേസുകള്‍ നേരത്തെ തന്നെ ഇയാളുടെ പേരിലുള്ളതായി അധികൃതര്‍ അറിയിച്ചു. എസ്.ഐ. മഹേഷിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ധനേഷ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് പരിശോധന നടത്തിയത്.

വയനാട്ടില്‍ വിദേശമദ്യം വീട്ടിലും കടകളിലും സൂക്ഷിച്ച് ചില്ലറ വില്‍പ്പന നടത്തുന്ന പ്രവണത ഏറി വരുകയാണ്. ഓട്ടോറിക്ഷകളില്‍ വരെ മദ്യം സൂക്ഷിച്ച് 'സഞ്ചരിക്കുന്ന ബാര്‍' ആക്കുന്ന ഇടങ്ങളും ധാരാളമാണ്. നാട്ടിന്‍പുറങ്ങളില്‍ മദ്യം ആവശ്യമുള്ളവര്‍ ഇത്തരത്തില്‍ മദ്യം എത്തിച്ച് നല്‍കുന്ന ഓട്ടോ ഡ്രൈവര്‍മാരെ സമീപിക്കുകയും പണം എല്‍പ്പിക്കുകയുമാണ് രീതി. ഓട്ടോക്കൂലിക്ക് പുറമെ കമ്മീഷനും കൂടി ലഭിക്കുന്ന ഏര്‍പ്പാട് പരിശോധന കര്‍ശനമായതോടെ പലരും നിര്‍ത്തിവെക്കുകയായിരുന്നു.