കൊച്ചി: എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് ആശുപത്രി മാലിന്യം കടത്താൻ ശ്രമിച്ച ലോറി പിടികൂടി. പെരുമ്പാവൂരിൽ നിർത്തിയിട്ടപ്പോൾ ദുർഗന്ധം ഉണ്ടായതോടെയാണ് നാട്ടുകാർ ലോറി പരിശോധിച്ചതും പിടികൂടിയതും. കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ശുചിത്വ പരിപാടികൾ വിപുലമാക്കുമ്പോൾ ഇത്തരത്തിൽ മാലിന്യം അലക്ഷ്യമായി കൊണ്ടു പോകുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഈ ലോറി കഴിഞ്ഞ നാല് ദിവസമായി പെരുമ്പാവൂർ ഇ.വി.എം. തീയേറ്ററിന് എതിർവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആദ്യമൊന്നും ആരും കാര്യമാക്കിയില്ല. ഇന്ന് രാവിലെയോടെ ലോറിയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. നാട്ടുകാർ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ വി. ബദറുദ്ദീൻറെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ലോറി പരിശോധിച്ചു. അപ്പോഴാണ് ആശുപത്രി മാലിന്യമാണെന്ന് വ്യക്തമായത്. തുടർന്ന് പെരുമ്പാവൂർ പൊലീസെത്തി. നന്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തി. ഏതൊക്കെ ആശുപത്രികളിൽ നിന്നുള്ള മാലിന്യമാണെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനായി ഉടമയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

കൊവിഡിനെ പ്രതിരോധിക്കുന്നതിൻറെ ഭാഗമായി  ബ്രേക് ദ ചെയ്ൻ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. അത്തരം സാഹചര്യത്തിൽ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത ലോറി ഉടമക്കും ഡ്രൈവർക്കുമെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.