സിപിഎം മഞ്ചരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മഞ്ചരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തിയതിനുമെതിരെയാണ് കേസ്.

അതേസമയം, 24 മണിക്കൂര്‍ പണിമുടക്കിൽ സംസ്ഥാനത്ത് ബന്ദിന്‍റെ പ്രതീതിയാണ്. കേന്ദ്രനയങ്ങള്‍ക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും ഇടത് സര്‍വീസ് സംഘടനകളും നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്കിൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അട‍‍ഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി നടത്തിയത് വിരലിൽ എണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചുരക്കം ഓട്ടോകളും ടാക്സികളുമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും സമരാനുകൂലികള്‍ ചിലയിടങ്ങളിൽ തടഞ്ഞു. ട്രെയിൻ ഗതാഗതം സാധാരണ നിലയിലായിരുന്നു. തുറന്ന കടകള്‍ സരക്കാര്‍ ബലം പ്രയോഗിച്ച് അടിപ്പിച്ചു. സംസ്ഥാനത്ത് പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കിയത്.

സര്‍ക്കാര്‍ ഓഫീസുകളിൽ ഹാജര്‍ നില കുറവായിരുന്നു. ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സമരത്തെ അനുകൂലിക്കുന്നവർ ജോലിക്കെത്തിയില്ല. സെക്രട്ടേറിയറ്റിൽ 4686 ൽ 423 പേരാണ് ഹാജരായത്. മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവാണ്. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ പണിമുടക്കിൽ പങ്കെടുത്തില്ല. ബാങ്കുകളും പോസ്റ്റ് ഓഫീസും അടപ്പിച്ചു. അര്‍ധ രാത്രി 12 മണിവരെയാണ് പണിമുടക്ക്.