കണ്ടാൽ തിരിച്ചറിയാത്ത ബൈക്ക് യാത്രക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു പനമ്പള്ളി നഗറിൽ വച്ച് സംഭവം നടന്നത്.
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ തേവര പൊലീസ് കേസെടുത്തു. കണ്ടാൽ തിരിച്ചറിയാത്ത ബൈക്ക് യാത്രക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു പനമ്പള്ളി നഗറിൽ വച്ച് സംഭവം നടന്നത്. കൊച്ചിയിലെ സ്വകാര്യ ഏവിയേഷൻ പരിശീലന സ്ഥാപനത്തിലെ വിദ്യാർത്ഥിനികൾ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുനിർത്തി ശരീരത്തിൽ പെട്രോൾ ഒഴിച്ച സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബൈക്കിൽ ഹെൽമെറ്റ് വച്ച ഒരാൾ സ്കൂട്ടർ തടഞ്ഞുനിർത്തുകയും തുടർന്ന് പെട്രോൾ ഒഴിക്കുകയും ചെയ്തെന്നാണ് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഹെൽമെറ്റ് വച്ചിരുന്നതിനാൽ ഇയാളെ കണ്ടാൽ തിരിച്ചറിയാൻ കഴിയില്ലെന്നും പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.
പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചിലരെ ചോദ്യം ചെയ്തെങ്കിലും പ്രതിയെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സമീപത്തുള്ള കടകളിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചുവരുന്നുണ്ട്. ആറ് മാസം മുൻപാണ് കോട്ടയം, ഊട്ടി സ്വദേശികളായ പെൺകുട്ടികൾ കൊച്ചിയിൽ എത്തിയത്. പ്രണയമോ അതുമായി ബന്ധപ്പെട്ട തർക്കങ്ങളോ ആരുമായും ഇല്ലെന്ന് ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പഠിക്കുന്നതോടൊപ്പം ഇവർ കൊച്ചിയിലെ സ്വകാര്യ മാളിൽ ജോലി ചെയ്യുന്നുണ്ട്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
