സ്വിഗിയുടെ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരെയാണ് സമരക്കാർ ആക്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതിനാണ് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊഴിലാളികളുടെ പരാതിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: സ്വിഗ്ഗി തൊഴിലാളികളുടെ പണിമുടക്കിനിടെ ഉണ്ടായ സംഘർഷത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സ്വിഗിയുടെ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരെയാണ് സമരക്കാർ ആക്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതിനാണ് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വിഗ്ഗി തൊഴിലാളികൾക്കെതിരെയാണ് കേസെടുത്തത്. സംഘർഷത്തിൽ ഒരു സ്വിഗ്ഗി ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളുടെ പരാതിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംവിധാനമായ സ്വിഗ്ഗിയിലെ തൊഴിലാളികളുടെ പണിമുടക്ക് അവസാനിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടി ഇടപെട്ടതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ശമ്പള വര്‍ധന ഉള്‍പ്പടെ തൊഴിലാളികള്‍ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാനേജ്മെന്‍റ് അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികളുടെ സമരം. ശമ്പളം വര്‍ധിപ്പിക്കുക, ഫുള്ടൈം ജോലി ചെയ്യുന്നവര്‍ക്ക് മിനിമം ഗാരണ്ടിയായി 1250 രൂപ നല്‍കുക, ലൊക്കേഷന് മാപ്പില്‍ കൃത്രിമം കാട്ടുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു തൊഴിലാളികളുടെ ആവശ്യങ്ങള്‍. ഈ മാസം 23 നു മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിക്കും എന്ന ഉറപ്പിന്മേലാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്.
