ഗതാഗത പരിഷ്‌കാരം അശാസ്ത്രീയമാണെന്ന് ആരോപിച്ച് സി.പി.എമ്മാണ് ആദ്യം രംഗത്തെത്തിയത്. പ്രവര്‍ത്തകര്‍ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ബസുകള്‍ തടഞ്ഞിട്ടതോടെ പ്രശ്‌നം മറ്റു രാഷ്ട്രീയപാര്‍ട്ടികളും ഏറ്റെടുക്കുകയായിരുന്നു.

മാനന്തവാടി: തലപ്പുഴ ടൗണിലെ ഗതാഗത പരിഷ്‌കാരത്തെ ചൊല്ലി രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ പോര്. തലപ്പുഴ ടൗണിലെ തിരക്ക് കുറയ്ക്കാന്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഗതാഗത പരിഷ്‌കരണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുത്തത്. അഭിപ്രായ വ്യത്യാസങ്ങള്‍ വാക്കേറ്റത്തിലേക്കും സംഘര്‍ഷാവസ്ഥയിലേക്കും നീങ്ങിയതോടെ പൊലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. 

ഗതാഗത പരിഷ്‌കാരം അശാസ്ത്രീയമാണെന്ന് ആരോപിച്ച് സി.പി.എമ്മാണ് ആദ്യം രംഗത്തെത്തിയത്. പ്രവര്‍ത്തകര്‍ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ബസുകള്‍ തടഞ്ഞിട്ടതോടെ പ്രശ്‌നം മറ്റു രാഷ്ട്രീയപാര്‍ട്ടികളും ഏറ്റെടുക്കുകയായിരുന്നു. കോണ്‍ഗ്രസും ബി.ജെ.പി പ്രവര്‍ത്തകരും ഇതിനെതിരേ രംഗത്തുവന്നതോടെ തര്‍ക്കം രൂക്ഷമായി. പിന്നീട് പൊലീസ് ഇടപെടുകയും തലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഇവരുമായി ചര്‍ച്ചനടത്തുകയും ചെയ്തു. 

എന്നാല്‍ ഉച്ചയോടെ ടൗണില്‍ വീണ്ടും ഗതാഗത പരിഷ്‌കാരങ്ങളെ ചൊല്ലി തര്‍ക്കം ഉടലെടുത്തു. സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് വീണ്ടും പൊലീസിന് ഇടപെടേണ്ടി വന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും സംസാരിച്ച പൊലീസ് തിങ്കളാഴ്ച വിഷയം യോഗംചേര്‍ന്ന് പരിഹരിക്കാമെന്നും പൊതുയാത്രാവാഹനങ്ങളടക്കമുള്ളവയെ തടസ്സപ്പെടുത്തരുതെന്നും പറഞ്ഞിരിക്കുകയാണ്. 

വ്യാപാരി വ്യവസായി ഏകോപന സമിതിയും പുതിയ ഗതാഗത പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ തരത്തില്‍ വേണം ഗതാഗതം പരിഷ്‌കരിക്കേണ്ടതെന്നാണ് പൊതുജനങ്ങളുടെയും അഭിപ്രായം.