കോഴിക്കോട്: പോളിങ് വര്‍ധനവില്ലാത്തത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ മുന്നണികള്‍. 2015ലെ തെരഞ്ഞെടുപ്പില്‍ 81.46 ശതമാനമായിരുന്നു കോഴിക്കോട് ജില്ലയിലെ പോളിങ്. അത് ഇത്തവണ അവസാനകണക്ക് ലഭിക്കുമ്പോള്‍ 79.23 ശതമാനമാണ് വോട്ടിങ്. കുറച്ചുകൂടി ശതമാനം ഉയര്‍ന്നാല്‍ മാത്രമെ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ പോളിങ്ങിനൊപ്പം എത്തുകയുള്ളൂ. എന്തായാലും പുതിയ വോട്ടര്‍മാര്‍ ആര്‍ക്കാണ് വിധിയെഴുതുക, എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്തവണത്തെ സ്ഥാനാര്‍ത്ഥികളുടെ വിജയം. 

മിക്ക വാര്‍ഡുകളിലും വിജയികളെ തീരുമാനിക്കാനുള്ള പുതിയ വോട്ടര്‍മാരുണ്ട്. 2534099 വോട്ടര്‍മാരില്‍ 2007723 പേരാണ് ഇത്തവണ കോഴിക്കോട് ജില്ലയില്‍ വോട്ട് ചെയ്തത്. വനിതകളില്‍ 79.81 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ 78.6 ശതമാനം പുരുഷന്മാരും ഇത്തവണ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി.

തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട് ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. ജില്ലയിലെ കൂടുതല്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേയും ഭരണം സ്വന്തമാക്കുമെന്നാണ് ഇടതു വലത് മുന്നണികള്‍ അവകാശപ്പെടുന്നത്. കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് എന്‍.ഡി.എയുടെ അവകാശവാദം. ജില്ലയിലെ കൂടുതല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ആയിരുന്നു വിജയിച്ചത്. അത് ഇത്തവണയും ആവര്‍ത്തിക്കുമെന്ന് അവര്‍ പറയുമ്പോള്‍ പലയിടത്തും ഇത്തവണ അട്ടിമറി വിജയം നേടുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.

കോഴിക്കോട് ജില്ലയിലെ ജില്ലാപഞ്ചായത്ത് (എല്‍.ഡി.എഫ്-18,യു.ഡി.എഫ്-9), ബ്ലോക്ക് പഞ്ചായത്തുകളില്‍ 12ല്‍ 10 നഗരസഭകളില്‍ ഏഴില്‍ ആറും ഏക കോര്‍പ്പറേഷനും ഗ്രാമപഞ്ചായത്തുകളില്‍ 70ല്‍ 48 ഉം ഭരിക്കുന്നത് എല്‍.ഡി.എഫാണ്. ഇതില്‍ കോഴിക്കോട് ജില്ലാപഞ്ചായത്തും കോര്‍പ്പറേഷനും കൂടുതല്‍ ഗ്രാമപഞ്ചായത്തുകളും ഇത്തവണ നേടുമെന്നാണ് യു.ഡി.എഫ് അവകാശവാദം. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം ആവര്‍ത്തിക്കുമെന്നാണ് എല്‍.ഡി.എഫ് പറയുന്നത്.

കോഴിക്കോട് ജില്ലാപഞ്ചായത്തില്‍ എല്‍.ഡി.എഫ് 27ല്‍ 18 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. യു.ഡി.എഫിന് ഒന്‍പത് സീറ്റുകളുണ്ട്. 16 സീറ്റുമായി അധികാരത്തിലെത്തിയ എല്‍.ഡി.എഫിനൊപ്പം ജനതാദള്‍(യു) ന്റെ രണ്ട് സീറ്റുംകൂടി ലഭിച്ചതോടെയാണ് സീറ്റുകളുടെ എണ്ണം 18 ആയത്. ബ്ലോക്ക് പഞ്ചായത്തുകളിലും 12ല്‍ 10ലും എല്‍.ഡി.എഫാണ്. ജെ.ഡി.യു, എല്‍.ഡി.എഫിലെത്തിയതോടെയാണ് ചില ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമെത്തിയത്. മുന്‍സിപ്പാലിറ്റികളില്‍ ഏഴില്‍ ആറിലും ഇപ്പോള്‍ എല്‍.ഡി.എഫാണ് അധികാരത്തില്‍.

കോഴിക്കോട് കോര്‍പ്പറേഷന്‍ വര്‍ഷങ്ങളായി എല്‍.ഡി.എഫിനൊപ്പമാണ്. 75ല്‍ 50 സീറ്റുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ യു.ഡി.എഫ് 18, ബി.ജെ.പി 7 സീറ്റുകളാണ് നേടിയത്. ഇവിടെയും 47 സീറ്റിനൊപ്പം പിന്നീട് ജെ.ഡി.യുവിന്റെ മൂന്ന് സീറ്റും എല്‍.ഡി.എഫിന് ഒപ്പമെത്തുകയായിരുന്നു. യഥാര്‍ത്ഥ വിജയികളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരിക്കണം.