വേനൽമഴ കനത്തതോടെ ഒരാഴ്ചയിലേറെയായി പൊന്മുടി അടച്ചിട്ടിരിക്കുകയാണ്

തിരുവനന്തപുരം: പൊന്മുടിയിൽ ഇന്ന് മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. വേനൽമഴ കനത്തതോടെ ഒരാഴ്ചയിലേറെയായി പൊന്മുടി അടച്ചിട്ടിരിക്കുകയാണ്. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും. 

കടുത്ത ചൂടിൽ വരണ്ടുപോയ പൊന്മുടിയിൽ സന്ദർശകരുടെ വരവ് കുറഞ്ഞിരുന്നു. എന്നാൽ മഴ പെയ്ത് കോടമഞ്ഞും പച്ചപ്പും എല്ലാം തിരികെ വന്നതോടെ വീണ്ടും സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. പക്ഷേ മഴ ശക്തമായപ്പോള്‍ മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടൽ സാധ്യത കാരണം കഴിഞ്ഞ ആഴ്ച പൊന്മുടി അടയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മഴ കുറഞ്ഞതോടെയാണ് പൊന്മുടി തുറക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ന് വീണ്ടും മഴ കനത്തതോടെ വരും ദിവസങ്ങളിൽ വീണ്ടും അടച്ചേക്കും.

അതേസമയം തെക്കൻ ജില്ലകളിൽ മഴ കനക്കുകയാണ്. ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു. ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണത്. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വലിയ കല്ലുകള്‍ വഴിയിലേക്ക് പതിച്ചു. സംഭവ പുലര്‍ച്ചെ ആയതിനാൽ അപകടം ഒഴിവായി. 

പുതുതായി നിര്‍മ്മിക്കുന്ന ടോയ്ലെറ്റ് ബ്ലോക്കിന്റെ സെപ്റ്റിക് ടാങ്കുകള്‍ക്ക് മുകളില്‍ പാകിയിരുന്ന മുന്‍ഭാഗത്തെ ഇന്റര്‍ലോക്കുകള്‍ ഒരാഴ്ച മുൻപ് മഴയില്‍ ഇടിഞ്ഞുതാണിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് പാപനാശം ഹെലിപ്പാഡ് ഭാഗത്തെ കുന്നുകള്‍ ഏതാണ്ട് 10 മീറ്ററോളം വീതിയില്‍ ഇടിഞ്ഞു വീണത്. പ്രദേശത്ത് മഴ ശക്തമായി തന്നെ തുടരുകയാണ്.

YouTube video player