കഴിഞ്ഞ ദിവസമാണ് പട്ടയം അനുവദിക്കാതെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ട എന്ന തീരുമാനം സമര സമിതി കൈകൊണ്ടത്. 5000ത്തോളം വോട്ടർമാരാണ് രണ്ട് വില്ലേജുകളിലായി ഇവിടെ ഉള്ളത്.
പത്തനംതിട്ട: രാഷ്ട്രീയ നേതൃത്വങ്ങൾ പട്ടയ സമരത്തോട് കാണിക്കുന്ന സമീപനങ്ങളിൽ പ്രതിഷേധിച്ച് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി പത്തനംതിട്ട പൊന്തൻപുഴ വലിയകാവ് വനസംരക്ഷണ പട്ടയ സമര സമിതി.
1200 ഓളം കുടുംബങ്ങളാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പട്ടയം അനുവദിക്കാതെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ട എന്ന തീരുമാനം സമര സമിതി കൈകൊണ്ടത്. 5000ത്തോളം വോട്ടർമാരാണ് രണ്ട് വില്ലേജുകളിലായി ഇവിടെ ഉള്ളത്.
ഏഴായിരം ഏക്കർ വരുന്ന പൊന്തൻപുഴ വനം സരക്ഷിക്കുക, വനാതിർത്തിക്ക് പുറത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പൊന്തൻപുഴ വലിയകാവ് പട്ടയ സമരം തുടങ്ങിയത്.
നിരന്തരമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ വനഭൂമി കണ്ടെത്താനായി വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത സർവേ ആരംഭിച്ചിരുന്നു. എന്നാൽ സർവേയിലും മെല്ലെപോക്ക് നടത്തി വനം കൈവശം വച്ചിട്ടുള്ള സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് സമര സമിതിയുടെ പരാതി.
