വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം. കുട്ടികളോടൊപ്പം എത്തുന്ന മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ എടുത്ത രേഖ നിര്‍ബന്ധമാണ്...

കല്‍പ്പറ്റ: മാസങ്ങളായി അടച്ചിട്ടിരുന്ന പൂക്കോട് തടാകം (Pookode Lake) നിയന്ത്രണങ്ങളോടെ വ്യാഴാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നു. ഏപ്രില്‍ അവസാനത്തോടെയാണ് ലോക്ഡൗണിനെ((Lockdown) തുടര്‍ന്ന് തടാകത്തിലേക്കുള്ള സന്ദര്‍ശകരെ നിരോധിച്ചത്. ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച തടാകത്തിലെ അറ്റകുറ്റപ്പണികളും ചളിയും പായല്‍ വാരലും ഈ കാലയളവില്‍ തുടങ്ങിയിരുന്നു. കോടികളുടെ പ്രവൃത്തികളാണ് തടാകത്തില്‍ നടക്കുന്നത്. തടാകത്തിലെ ചെളിയും പായലും വാരുന്ന പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞു.

തടാകത്തിന് ചുറ്റുമുള്ള റോഡ് പണി, സുരക്ഷാഭിത്തി തുടങ്ങി ഏതാനും പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. ഇക്കാരണത്താല്‍ തന്നെ സന്ദര്‍ശകര്‍ക്ക് ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. തടാകത്തിന് ചുറ്റുമുള്ള നടത്തവും സൈക്ലിങ്ങും ഇപ്പോള്‍ ഉണ്ടാവില്ല. ചളി വാരിയതുമൂലം വീതികൂടിയ സ്ഥലങ്ങളില്‍ സുരക്ഷാഭിത്തി നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല. ഈ ഭാഗങ്ങളില്‍ വടംകെട്ടി സഞ്ചാരികളെ നിയന്ത്രിക്കും.

വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം. കുട്ടികളോടൊപ്പം എത്തുന്ന മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ എടുത്ത രേഖ നിര്‍ബന്ധമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിലെ മുഴുവന്‍ ജീവനക്കാരും വാക്‌സിന്‍ എടുത്ത്, കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു. സുരക്ഷാ സജ്ജീകരണങ്ങളും ഏകദേശം പൂര്‍ത്തിയായതായി ഡി.ടി.പി.സി വ്യക്തമാക്കി. അടച്ചിട്ട തടാകത്തിനുപുറത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സഞ്ചാരികളാണെത്തിയത്. തടാകം തുറക്കുന്നതോടെ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona