Asianet News MalayalamAsianet News Malayalam

പശുക്കളെയും കൊണ്ട് തിരുവനന്തപുരം നഗരസഭയുടെ നെട്ടോട്ടം; ഒടുവില്‍ രക്ഷകനായി അഷ്റഫ്

വിളപ്പിൽശാലയിലെ നഗരസഭാ കേന്ദ്രത്തിലേക്ക് പശുക്കളെ മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് ആര്യനാടേക്ക് മാറ്റിയത്.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നഗരസഭയുടെ നടപടി. 
 

poor cow shelter thiruvananthapuram corporation
Author
Thiruvananthapuram, First Published Feb 12, 2020, 1:29 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ട്രസ്റ്റ് പരിപാലിക്കാതെ കയ്യൊഴിഞ്ഞ 35 പശുക്കളെ നഗരസഭ ആര്യനാടുള്ള സ്വകാര്യ ഫാമിലേക്ക് മാറ്റി. വിളപ്പിൽശാലയിലെ നഗരസഭാ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് ആര്യനാടേക്ക് മാറ്റിയത്.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നഗരസഭയുടെ നടപടി. 

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്രസ്റ്റിന്‍റെ ഗോശാലയിലെ പശുക്കളുടെ ദയനീയസ്ഥിതി മുമ്പ് വാർത്തയായിരുന്നു. പശുക്കളെ നായ്ക്കൾ ആക്രമിക്കുന്ന സ്ഥിതി എത്തിയപ്പോഴാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. പശുക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ നഗരസഭക്ക് ഹൈക്കോടതി നിർദ്ദേശവും നൽകി. 

നഗരത്തിന് പുറത്ത് വിളപ്പിൽശാലയിൽ നഗരസഭയുടെ പഴയ ചവർ ഫാക്ടറി പ്രവർത്തിച്ച ഭൂമിയിലേക്ക് പശുക്കളെ മാറ്റാനായിരുന്നു നഗരസഭാ പദ്ധതി. എന്നാല്‍, വാഹനങ്ങളിൽ 33 പശുക്കളെ വിളപ്പിൽശാലയിൽ എത്തിച്ചതോടെ നാട്ടുകാർ നീക്കം തടഞ്ഞു. പശുക്കളെ സംരക്ഷിക്കാനുള്ള സംവിധാനം ഇവിടെ ഇല്ലെന്ന് കാട്ടിയായിരുന്നു പ്രതിഷേധം. ഇതോടെ നഗരസഭാ ആരോഗ്യവിഭാഗം അദ്ധ്യക്ഷൻ ബിനു ഐപിയും ഉദ്യോഗസ്ഥരും വലഞ്ഞു.പിന്നീട് പല ഫാമുകളെയും സമീപിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല.

ഒടുവിൽ ആര്യനാട് പള്ളിവേട്ടയിലുള്ള അഷ്റഫ് പശുക്കളെ ഏറ്റെടുക്കാൻ തയ്യാറായതോടെ അനിശ്ചിതത്വം ഒഴിഞ്ഞു. സ്വകാര്യ ഫാമിൽ മൃഗ ഡോക്ടറും നഗരസഭാ ജീവനക്കാരും പശുക്കളെ നിരീക്ഷിക്കും. താത്കാലികമായിട്ടാകും പശുക്കളെ ഇവിടെ സംരക്ഷിക്കുക. പിന്നീട് കൂടുതൽ മെച്ചപ്പെട്ടള്ള സൗകര്യങ്ങളുള്ള ഫാമിലേക്ക് മാറ്റാനാണ് നഗരസഭയുടെ തീരുമാനം. .

Follow Us:
Download App:
  • android
  • ios