കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമമായ പെരിക്കല്ലൂരിലെ 33 കവല, 80 കവല പ്രദേശവാസികള്‍ക്കാണ് കൂട്ടത്തോടെ വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്.

പുല്‍പ്പള്ളി: വയനാട് മുള്ളൻകൊല്ലിയിൽ നിനച്ചിരിക്കാതെ കൈയില്‍ കിട്ടിയ വക്കീല്‍ നോട്ടീസ് നിരവധി കുടുംബങ്ങളെ ആശങ്കയിലാക്കി. നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയില്‍ അവകാശമുണ്ടെന്ന് കാണിച്ച് മൈസൂരു സ്വദേശിനി എം.എസ്. പൂര്‍ണമിയാണ് 170 പേര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമമായ പെരിക്കല്ലൂരിലെ 33 കവല, 80 കവല പ്രദേശവാസികള്‍ക്കാണ് കൂട്ടത്തോടെ വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്. നിലവിലെ കുടുംബങ്ങള്‍ ഏറെ വര്‍ഷങ്ങളായി കൈവശംവെച്ചുവരുന്നതും സര്‍ക്കാര്‍ പട്ടയം അനുവദിച്ചതും അടക്കമുള്ള ഭൂമിയുടെ പേരിലാണ് നിയമനടപടി തുടങ്ങിയതാണ് സ്വകാര്യ വ്യക്തി രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നത്.

നോട്ടീസ് ലഭിച്ചതോടെ പ്രദേശവാസികളെല്ലാം വലിയ ആശങ്കയിലാണ് നാട്ടുകാർ. ഭൂമി എം.എസ് പൂര്‍ണിമക്കും കൈമാറുകയോ അല്ലെങ്കില്‍ ഭൂമിയുടെ നിലവിലെ മതിപ്പുവില നല്‍കുകയോ ചെയ്യണമെന്നാണ് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുള്ളത്. പൂര്‍ണിമയുടെ മുത്തച്ഛനായ സിദ്ധയ്യക്ക് വൈത്തിരി സബ് രജിസ്ട്രാര്‍ ഓഫീസിലെ 2370/1959 നമ്പര്‍ ആധാരപ്രകാരം പുല്‍പ്പള്ളി വില്ലേജിലെ ബ്ലോക്ക് ഒന്ന്, റീ സര്‍വേ 87, 88, 89, 90, 91, 92, 93, 94, 95, 96 നമ്പറുകളിലായി (പഴയ സര്‍വേ നമ്പര്‍ 52/1എ1എ4എ) 82 ഏക്കര്‍ ഭൂമി ജന്മാവകാശമായി കൈവശത്തിലുണ്ടായിരുന്നുവെന്ന് നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രസ്തുത ഭൂമിക്ക് 1972 വരെ നികുതി ഒടുക്കിയിരുന്നതായും ഇവര്‍ പറയുന്നു.

1972 ഡിസംബര്‍ 16-ന് സിദ്ധയ്യ മരിച്ചതോടെ ഭൂമിയുടെ അവകാശികള്‍ പൂര്‍ണിമയും സഹോദരങ്ങളുമാണെന്നാണ് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുള്ളത്. സിദ്ധയ്യയുടെ മരണശേഷം ചിലര്‍ ഈ സ്ഥലം കൈയേറി താമസിക്കുകയും അനധികൃതമായി പട്ടയം സമ്പാദിച്ചുവെന്നുമാണ് പൂര്‍ണിമയുടെ ആരോപണം. ആയതിനാല്‍ ഈ തര്‍ക്കഭൂമിയുടെ നികുതി സ്വീകരിക്കരുതെന്നും മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പൂര്‍ണിമ വയനാട് ജില്ല കലക്ടര്‍, ബത്തേരി തഹസില്‍ദാര്‍, പുല്‍പ്പള്ളി വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.