ആലപ്പുഴ പുന്നമടയിലെ ഹൗസ് ബോട്ടിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്ന ഇയാൾ, പോലീസിനെ കണ്ടപ്പോൾ കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.

ആലപ്പുഴ: കണ്ണൂർ ആലക്കോട് പൊലീസ് സ്‌റ്റേഷനിലെ പോക്സോ, വധശ്രമം കേസുകളിൽ പ്രതിയായ യുവാവിനെ 15 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കണ്ണൂർ ആലക്കോട് മണേലിൽ ജിനീഷ് എന്ന ഷായൽ (39) ആണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ആലപ്പുഴ പുന്നമടയിലെ ഹൗസ് ബോട്ടിൽ പാചകതൊഴിലാളിയായി ജോലി ചെയ്തുവരവേയാണ് പിടിയിലാകുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ വി ഡി റജിരാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പൊലീസിനെ കണ്ടതോടെ ഹൗസ് ബോട്ടിന്റെ പിൻഭാഗത്തുകൂടി കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ജിനീഷിനെ പോലീസും പിന്നാലെ ചാടി പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കണ്ണൂർ പോലീസിന് കൈമാറി.

സൗത്ത് പൊലീസ് എസ്ഐ ആർ മോഹൻകുമാർ, എഎസ്ഐ ഉല്ലാസ് യു, സീനിയർ സിപിഓമാരായ മൻസൂർ മുഹമ്മദ്, ആർ ശ്യാം, കണ്ണൂർ ആലക്കോട് എഎസ്ഐ മുനീർ, സീനിയർ സിപിഓ ജാബിർ അലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.