പ്രതി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്ന് ആർമി യൂണിഫോമിലുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്ത് യുവതിയുമായി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പണവും ഫോട്ടോകളും കൈവശപ്പെടുത്തി വഞ്ചിച്ചതായാണ് പരാതി.
തിരുവനന്തപുരം: ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 4 ലക്ഷത്തോളം രൂപ തട്ടിച്ചെടുത്ത പ്രതി അറസ്റ്റിൽ. നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവി ക്ഷേത്രത്തിനു സമീപം രോഹിണി നിവാസിൽ ശ്രീജിത്ത് (32)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
പ്രതി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്ന് ആർമി യൂണിഫോമിലുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്ത് യുവതിയുമായി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പണവും ഫോട്ടോകളും കൈവശപ്പെടുത്തി വഞ്ചിച്ചതായാണ് പരാതി. കഴിഞ്ഞ മാർച്ച് 11 മുതൽ സെപ്തംബർ 16 വരെയുള്ള കാലയളവിൽ പലപ്പോഴായി 3,93,000 രൂപ തട്ടിച്ചെടുത്തു. സമാന സംഭവത്തിൽ പത്തനംതിട്ടയിൽ യുവതി ആത്‌മഹത്യ ചെയ്ത കേസിൽ പ്രതി ജയിൽ വാസം കഴിഞ്ഞിറങ്ങിയ ശേഷമായിരുന്നു തട്ടിപ്പ്. അന്ന് പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ തട്ടിച്ചത്. ചോദ്യം ചെയ്യലിൽ ഏഴോളം യുവതികളെ ഇത്തരത്തിൽ ചതിച്ചതായും പ്രതി മൊഴി നൽകി. എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒ വിനയകുമാർ, സി.പി.ഒ മാരായ റെജിൻ, സാബു,ഗോഡ് വിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


