മലപ്പുറം വണ്ടൂരിൽ യുവതിയുടെ കൊലപാതകത്തിൽ പോസ്റ്റുമോർട്ട് റിപ്പോർട്ട് പുറത്ത്. ഉച്ചഭക്ഷണത്തിന് ചോറിന് കറി ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ തൊടികപ്പുലത്തെ കുന്നുമ്മല്‍ പുങ്കുഴി അബുവിന്റെ മകള്‍ ഫസീല ആണ് ഭർത്താവ് റഷീദിൻ്റെ കുത്തേറ്റ് മരിച്ചത്.

മലപ്പുറം: ഉച്ചഭക്ഷണത്തിന് ചോറിന് കറി ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വണ്ടൂരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ ചോറിന് കറിയില്ലായിരുന്നുവെന്നും ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നും പിടിയിലായ ഭര്‍ത്താവ് റഷീദ് പൊലീസിന് മൊഴി നല്‍കി.

കുത്തേറ്റ് മിനിറ്റുകള്‍ക്കകം മരണം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ കടുത്ത പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്. അതേസമയം, അറസ്റ്റിലായ പ്രതി റഷീദുമായി വണ്ടൂര്‍ പൊലീസ് സംഘം സംഭവം നടന്ന കാപ്പില്‍ പാറശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വന്‍ ജനരോഷമാണ് തെളിവെടുപ്പ് വേളയില്‍ സ്ഥലത്തുണ്ടായത്.

ഫസീലയുടെ മരണം: കണ്ണീരണിഞ്ഞ് തൊടികപ്പുലം

ഓണാവധി കഴിഞ്ഞ് കാപ്പിലിലെ ഭര്‍തൃവീട്ടിലേക്ക് പോയ മകളുടെ ചേതനയറ്റ ശരീരം ആംബുലന്‍സിൽ എത്തിയപ്പോള്‍ ആ വീട് കരഞ്ഞ് തളര്‍ന്നിരുന്നു. കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ കൂടി തീരാദുഃഖമായി മാറുകയായിരുന്നു തൊടികപ്പുലത്തെ കുന്നുമ്മല്‍ പുങ്കുഴി അബുവിന്റെ മകള്‍ ഫസീലയുടെ മരണം. ഉച്ചഭക്ഷണത്തിന് കറി വെക്കാത്തതിനാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് കാപ്പില്‍ പാറശ്ശേരി സ്വദേശി കുന്നുമ്മല്‍ റഷിദ് ഫസീലയെ കൊലപ്പെടുത്തിയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുന്നോടെ കാപ്പിലിലെ വീട്ടില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം 3:15 ഓടെയാണ് മൃതദേഹം വിട്ടുകിട്ടിയത്. വൈകുന്നേരം 5:30 ഓടെ തൊടികപ്പുലത്തെ വീട്ടിലെത്തി. മാതാവിന്റെ ചേതനയറ്റ ദേഹം കണ്ട് നിയന്ത്രണം വിട്ട കുട്ടികളെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ ഏറെ പാടുപെട്ടു. വൈകുന്നേരം ആറോടെ പള്ളിക്കുന്ന് ജുമാമസ്ജി ദില്‍ ഖബറടക്കം നടന്നു.

തെളിവെടുപ്പിലും കൂസലില്ലാതെ പ്രതി

മലപ്പുറം: ഭാര്യയെ കുത്തിയത് വിശദീകരിക്കുമ്പോഴും കാപ്പില്‍ പാറശ്ശേരി സ്വദേശി കുന്നുമ്മല്‍ റഷിദിന്റെ ശരീരഭാഷയില്‍ തെളിഞ്ഞത് കുസലില്ലായ്മ. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് വണ്ടൂര്‍ സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന കാപ്പില്‍ പാറശ്ശേരിയിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിയത്. ഉച്ചഭക്ഷണത്തിന് വീട്ടിലെത്തുമ്പോള്‍ ചോറിന് കറിയായിരുന്നില്ലെന്നും തര്‍ക്കത്തിനിടെ പ്രകോപിതനായാണ് ഭാര്യയെ കുത്തിയതെന്നും റഷീദ് പറഞ്ഞു. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഉമ്മയും ബഹളം കേട്ട് സ്ഥലത്തെത്തി. ഭാര്യയുയുടെ കരച്ചിലും ഉമ്മയുടെ പരിഭ്രമവും മാത്രമേ ഓര്‍മ്മയുള്ളുവെന്നും റഷീദ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.