ഇന്നലെ രാവിലെ മുതലാണ് കൂടുതലായി ഇടിഞ്ഞ് താഴുവാൻ തുടങ്ങിയത്. വൈകുന്നേരമായപ്പോഴേക്കും വൻ കുഴിയായി രൂപപ്പെടുകയായിരുന്നു.

മാന്നാർ: മാന്നാർ ടൗണിലെ പരുമല പാലത്തിൽ അപ്രോച്ച് റോഡ് ഇടിഞ്ഞ് താഴ്ന്ന് കുഴി രൂപപ്പെട്ടു. പരുമലയേയും മാന്നാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പരുമല പാലത്തിൻ്റെ പരുമല ഭാഗത്താണ് കുഴി രൂപപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി പാലത്തിനോട് ചേരുന്ന ഈ ഭാഗം ഇടിഞ്ഞിരുന്നു. വാഹനങ്ങൾ പ്രയാസപ്പെട്ടാണ് പാലത്തിലേക്ക് കയറിയിരുന്നത്. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ട സംഭവങ്ങളും ഉണ്ടായി. പരുമല പള്ളി, ആശുപത്രി, കോളേജ് എന്നിവിടങ്ങളിലേക്ക് ധാരാളം വാഹനങ്ങൾ ദിനംപ്രതി കടന്ന് പോകുന്ന റോഡാണ് അപകടനിലയിലായിരിക്കുന്നത്. ഇന്നലെ രാവിലെ മുതലാണ് കൂടുതലായി ഇടിഞ്ഞ് താഴുവാൻ തുടങ്ങിയത്. വൈകുന്നേരമായപ്പോഴേക്കും വൻ കുഴിയായി രൂപപ്പെടുകയായിരുന്നു. ഒരാൾക്ക് ഇറങ്ങി നിൽക്കുവാൻ കഴിയുന്ന രീതിയിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തി അപകട മുന്നറിയിപ്പ് നൽകി ഗതാഗതം ഒരു വശത്ത് കൂടി മാത്രമാക്കി. പിഡബ്ല്യുഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു.

തിരുവനന്തപുരത്ത് റോഡിലെ കുഴിയടക്കത്തതിനെതിരെ ഡിവൈഎഫ്ഐയുടെ ഉപരോധ സമരം. കഴക്കൂട്ടം ആറ്റിൻകുഴിയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചത്. ദേശീയപാതയിൽ നിന്നും കുളത്തൂർ റോഡിലേക്ക് റോഡിലെ കുഴിയടക്കാത്തതിനെതിരായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ സമരം. പിഡബ്ല്യൂഡി റോഡാണെന്ന് നഗരസഭയും നഗരസഭയുടെതാണെന്ന് പിഡബ്ല്യൂഡിയും വാദിക്കുന്ന റോഡാണ് ഇത്. നിരവധി വാഹനങ്ങളാണ് ഈ റോഡിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്. ഡിവൈഎഫ്ഐ ആറ്റിപ്ര ബ്ലോക്ക് കമ്മിറ്റിയാണ് സമരം നടത്തിയത്.

പാലക്കാട് നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഇന്ന് നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചിരുന്നു. നഗരത്തിലെ 14 റോഡുകളാണ് തകർന്ന് കിടക്കുന്നത്.