കോതമംഗലം കോട്ടപ്പടിയിൽ റബർ തോട്ടത്തിൽ ഒന്നര വയസ്സുള്ള കാട്ടാനക്കുട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. റബർ മരം തള്ളിയിട്ടപ്പോൾ വൈദ്യുതി ലൈൻ പൊട്ടിവീണതാണ് അപകടകാരണമെന്ന് വനംവകുപ്പ് കരുതുന്നു.

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വനാതിർത്തിയോട് ചേർന്ന റബർ തോട്ടത്തിൽ ഒന്നര വയസ്സോളം പ്രായമുള്ള കാട്ടാനക്കുട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. റബർ മരം തള്ളിമറിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്നാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പുതുക്കുന്നത്ത് ജോൺ പി പോളിന്റെ ഉടമസ്ഥതയിലുള്ള നാലര ഏക്കറോളം വരുന്ന റബർ തോട്ടത്തിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. കോട്ടപ്പാറ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം. രാത്രിയിൽ കാട്ടാനക്കൂട്ടം റബർ തോട്ടത്തിലെത്തിയിരുന്നു. ഭക്ഷണം തേടുന്നതിനിടെ ആനകൾ ഒരു റബർ മരം തള്ളിമറിക്കുകയും അതിനൊപ്പം മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈൻ താഴേക്ക് വീഴുകയുമായിരുന്നു. ഈ ലൈനിൽ നിന്നാണ് ആനക്കുട്ടിക്ക് ഷോക്കേറ്റതെന്നാണ് കരുതുന്നത്.

പൊട്ടിവീണ വൈദ്യുതി കമ്പി തുമ്പിക്കൈയിൽ പിടിച്ച നിലയിലായിരുന്നു ആനക്കുട്ടിയെ കണ്ടെത്തിയത്. തുമ്പിക്കൈയിൽ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. റബർ തോട്ടത്തിലെ വെള്ളം ഒഴുകിപ്പോകുന്നതിനായി നിർമിച്ച കാനയിലെ വെള്ളവുമായി വൈദ്യുതി ബന്ധം ഉണ്ടായതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ഉണ്ടായതെന്നാണ് കരുതുന്നത്. എന്നാൽ ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. രാത്രി ആനക്കൂട്ടത്തിന്റെ വലിയ ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നതിനാൽ സമീപത്തുണ്ടായിരുന്ന തള്ളയാനയ്ക്കും കൂട്ടത്തിലെ മറ്റ് ആനകൾക്കും കുട്ടിയാനയെ രക്ഷിക്കാനായില്ലെന്നാണ് കരുതുന്നത്.

പിന്നീട് ആനക്കൂട്ടം വനത്തിലേക്ക് മടങ്ങി. സംഭവസ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് ആനശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷിയിടവും വീടും ഉപേക്ഷിച്ച് ചില കുടുംബങ്ങൾ താമസം മാറ്റിയതായും നാട്ടുകാർ അറിയിച്ചു. ആനക്കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത കണ്ടെത്താനായിട്ടില്ലെന്ന് കോടനാട് റേഞ്ച് ഓഫീസർ അറിയിച്ചു. വാമാസ് (WAMAS) മാനദണ്ഡങ്ങൾ പ്രകാരമുള്ള എട്ടംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തി ശേഷം ആനക്കുട്ടിയുടെ ജഡം വനത്തിൽ സംസ്കരിക്കും.