അനധികൃത വൈദ്യുതി ഉപയോഗിച്ചെന്നാരോപിച്ച് പഞ്ചായത്തിന് അമിത വൈദ്യുതി ബില്ല് ചുമത്തിയതിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ നല്ലോംപുഴ കെഎസ്ഇബിക്ക് വൈദ്യുതി സുരക്ഷാ വിഭാഗത്തിന്‍റെ ഇരട്ട പ്രഹരം. അശാസ്ത്രീയമായി വൈദ്യുതി വിതരണം നടത്തിയതിനാണ് വൈദ്യുതി സുരക്ഷാ വിഭാഗത്തിന്‍റെ അന്വേഷണ പരിതിയില്‍പ്പെട്ടത്.
കാസർകോട്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്‍റെ ബസ്റ്റാന്‍റ് ഷോപ്പിങ് കോംപ്ലക്സിലേക്ക് താത്കാലിക വൈദ്യുതി നൽകുന്നത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ അടിയന്തിരമായി കണക്ഷൻ വിച്ഛേദിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കാസർകോട് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് അസി.ഇൻസ്പെക്റ്റർ ടി.കെ.ആനന്ദ് ആണ് നല്ലോംപുഴ എ.ഇക്ക്. വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ അനധികൃത വൈദ്യുതി ഉപയോഗത്തിന്‍റെ പേരിൽ പഞ്ചായത്തിന് പിഴ ചുമത്തിയ വൈദ്യുതി വകുപ്പ് ഇപ്പോൾ വകുപ്പിന്‍റെ തന്നെ സുരക്ഷാ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരിക്കുകയാണ്.
താല്‍ക്കാലികമായി അനുവദിച്ച വൈദ്യുതി കണക്ഷനില്‍ നിന്നും കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും വാണിജ്യാവശ്യത്തിന് വേണ്ടി വൈദ്യുതി ഉപയോഗിച്ചതിന്‍റെ പേരിലായിരുന്നു പഞ്ചായത്തിന് 1,23,532 രൂപ പിഴ ചുമത്തിയത്. പണമടച്ചില്ലെങ്കിൽ 24 മണിക്കൂറിനുള്ളില്‍ താൽക്കാലിക കണക്ഷന്‍ വിഛേദിക്കുമെന്നും അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ പഞ്ചായത്ത് സെക്ക്രട്ടറിയെ രേഖാമൂലം എഞ്ചിനീയര്‍ അറിയിച്ചിരുന്നു.
എന്നാൽ പഞ്ചായത്ത് താൽക്കാലിക കണക്ഷൻ അടക്കമുള്ള അധിക തുക വൈദ്യുതി ഉപയോഗത്തിന് മുൻകൂറായി ഇലക്ട്രിസിറ്റിയിൽ അടച്ചിരുന്നു. ഈ വിവരം പഞ്ചായത്ത് സെക്കട്ടറി വൈദ്യുതി വകുപ്പ് മന്ത്രിയെ ഇ-മെയിൽ വഴി അറിയിച്ചു. ഇതേ തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് നടത്തിയ അന്വേക്ഷണത്തിൽ, വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥർക്കാണെന്ന് കണ്ടെത്തുകയും തുടന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്ലോംപുഴ ഇലക്ട്രിസിറ്റി എഞ്ചിനീയർക്ക് പഞ്ചായത്തിനെതിരെ എടുത്ത നടപടി പിൻവലിക്കാൻ ആവശ്യപ്പെടുകയും തുടർകാര്യങ്ങൾ കാഞ്ഞങ്ങാട് എക്‌സിക്യുട്ടീവ് എഞ്ചിനീയർ സീതാരാമാനുമായും സ്ഥലം എം.എൽ.എ. എം.രാജഗോപാലുമായും ആലോചിച്ച് എടുത്താൽ മതിയെന്നും നിർദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇല്കട്രിസിറ്റി വകുപ്പ് വൈദ്യുതി നല്‍കിയത് അശ്രാസ്ത്രീയമായാണെന്ന് കണ്ടെത്തി. നൂറുകണക്കിന് സ്‌കൂൾവിദ്യാർത്ഥികളും വാഹനങ്ങളും കടന്നുപോകുന്ന മെയിൻ റോഡ് സൈഡിൽ നിലത്ത് മുട്ടിനിൽക്കുന്ന തരത്തിലാണ് വൈദ്യുതി വകുപ്പ് പഞ്ചായത്തിനുള്ള താൽക്കാലിക കണക്ഷൻ നൽകിയത്. മഴയിൽ നനഞ്ഞ് കിടക്കുന്ന കണക്ഷൻ ബോഡ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടാണ് മറച്ചിരിക്കുന്നത്. വൈദ്യുതി സര്‍വീസ് വയറുകള്‍ എല്ലാം തറയില്‍ക്കൂടി വലിച്ചിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. ഇതില്‍ നിന്നാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായിട്ടും കഴിഞ്ഞ ഒമ്പതുമാസമായി പഞ്ചായത്തിന് വൈദ്യുതി നൽകി വന്നത്. ബസ് സ്റ്റാന്‍ഡ് യാഡിലെ ലൈറ്റിങ്ങിനും പമ്പ് സെറ്റിലേക്കുമെല്ലാം ഇവിടുത്തെ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്.
