Asianet News MalayalamAsianet News Malayalam

'7 കിലോ മീറ്റർ, രാത്രി 11 മുതൽ ഓടാൻ തയ്യാറാണോ? 10,000 സമ്മാനം'; കണ്ണൂരിലെ മിഡ് നൈറ്റ് റൺ അടുത്ത മൂന്നിന്

അഞ്ചു പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായാണ് മിഡ് നൈറ്റ് മാരത്തോണിന് പങ്കെടുക്കേണ്ടത്. മാരത്തോണ്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മെഡലും നല്‍കും.

pp divya says kannur night run 2024 on february joy
Author
First Published Jan 19, 2024, 2:37 PM IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മിഡ് നൈറ്റ് യൂണിറ്റി റണ്ണിന്റെ നാലാമത് എഡിഷന്‍ ഫെബ്രുവരി മൂന്നിന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. ലോക സര്‍വ മതസൗഹാര്‍ദ്ദ വാരാഘോഷത്തോട് അനുബന്ധിച്ച് കളക്ടറേറ്റില്‍ നിന്നാണ് മാരത്തോണിന് തുടക്കമാവുക. താവക്കര, ഫോര്‍ട്ട് റോഡ്, പുതിയ ബസ് സ്റ്റാന്റ് റോഡ് വഴി പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീ നാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍, പൊലീസ് ഗ്രൗണ്ട്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി തിരിച്ച് കലക്ടറേറ്റില്‍ സമാപിക്കും. ഈ ഏഴു കിലോമീറ്റര്‍ ദൂരം മൂന്നാം തീയതി രാത്രി 11 മണിക്ക് തുടങ്ങി നാലിന് പുലര്‍ച്ചെ 12.30 മണിയോടെ എത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പിപി ദിവ്യ അറിയിച്ചു. 

അഞ്ചു പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായാണ് മിഡ് നൈറ്റ് മാരത്തോണിന് പങ്കെടുക്കേണ്ടത്. മാരത്തോണ്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മെഡലും നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും രണ്ടാമത് എത്തുന്നവര്‍ക്ക് 5000 രൂപയും മൂന്നാമത് 2500 രൂപയും സമ്മാനമായി ലഭിക്കും. പകല്‍ സമയങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി മാരത്തോണുകള്‍ സംഘടിപ്പിക്കുണ്ടെങ്കിലും രാത്രി ഇത്ര വിപുലമായ രീതിയില്‍ വ്യത്യസ്തമായ മാരത്തോണിനാണ് ജില്ലാ ഭരണകൂടവും ഡിടിപിസിയും സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള ടീം, പുരുഷന്‍മാര്‍ മാത്രമുള്ള ടീം, സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ ടീം എന്നീ വിഭാഗങ്ങളിലാണ് മുന്‍ വര്‍ഷങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം മുതല്‍ യൂണിഫോം സര്‍വീസില്‍ ഉള്ളവരുടെ ടീമിനും, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ടീമിനും, മുതിര്‍ന്ന പൗരന്‍മാരുടെ ടീമിനും പ്രത്യേകമായി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിഭാഗത്തിലും പ്രത്യേകം സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദിവ്യ അറിയിച്ചു. 

മിഡ്‌നൈറ്റ് റണ്ണിന്റെ രജിസ്‌ട്രേഷന്‍ ജില്ലയിലെ കാനറ ബാങ്കിന്റെ 62 ബ്രാഞ്ചുകളിലും റീജിയണല്‍ ഓഫീസിലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസിലും ചെയ്യാം. https://www.wearekannur.org എന്ന ലിങ്കിലൂടെയും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0497-2706336, 2960336, 9447524545.

'നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയതാണ്'; ഗണേഷ് കുമാറിനെ തിരുത്തി വികെ പ്രശാന്ത് 
 

Latest Videos
Follow Us:
Download App:
  • android
  • ios