മലപ്പുറത്ത് യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ 

മലപ്പുറം: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പുന്നക്കാട് മില്ലുംപടി സ്വദേശി കപ്പൂത്ത് നിഷാന്ത് (48)നെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി കെ നാസറും സംഘവും അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ പത്തോടെ കരുവാരക്കുണ്ട് പുന്നക്കാട് അങ്ങാടിയിലാണ് സംഭവം നടന്നത്. നിഷാന്ത് തന്റെ ഫോര്‍ച്ചൂണര്‍ കാറിടിച്ച് നിസാം എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വി നിസാമന്റെ പരാതി പ്രകാരമാണ് നിഷാന്തിനെ പൊലീസ് പിടികൂടിയത്. 

നിസാമും സുഹൃത്ത് അബ്ദുര്‍ റസാഖും ഏതാനും മാസങ്ങളായി ഇയാളുടെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇടക്കുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരുവരും ജോലി ഉപേക്ഷിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് പ്രതി യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

Read more: മലപ്പുറത്ത് ആൾട്ടോ കാറിന് ഹെൽമെറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴ, ഓൺലൈനിൽ നോക്കിയപ്പോൾ കണ്ടത് മറ്റൊരു ചിത്രം!

അതേസമയം, പൊന്നാനി വെളിയങ്കോട് വീട്ടമ്മയെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സഹോദരന്‍മാര്‍ അറസ്റ്റിലായി. വെളിയങ്കോട് പൂക്കൈത കടയില്‍ താമസിക്കുന്ന നെല്ലിക്ക പറമ്പില്‍ സുലൈഖ (45), ഹനീഫ (52) എന്നിവരെയാണ് അക്രമിച്ചത്.

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി സഹോദരീ ഭര്‍ത്താവിനെ പൈപ്പ് കൊണ്ട് തലക്കടിക്കുകയും, സഹോദരിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കുകയും ചെയ്‌തെന്നാണ് പരാതി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമമെന്നാണ് പറയുന്നത്. കഴിഞ്ഞ 17 വര്‍ഷമായി കൂട്ടു സ്വത്തായ തറവാട്ടിലാണ് സഹോദരിയും ഭര്‍ത്താവും താമസിക്കുന്നത്. ഇത് ഭാഗം വെക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍മാര്‍ രംഗത്ത് വരികയായിരുന്നു.