ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായിരിക്കുന്നത്. 

ഇടുക്കി: മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ കാറിന്‍റെ ഡോറിലിരുന്ന് യാത്ര നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡിൽ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേരള രജിസ്ട്രേഷനുള്ള വാഹനത്തിലാണ് യുവാക്കളുടെ സാഹസിക യാത്ര. ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായിരിക്കുന്നത്. ആലപ്പുഴ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് കസ്റ്റഡിയിൽ എടുത്തത്. വാഹന ഉടമക്ക് എതിരെയും, ഓടിച്ച ആൾക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

കായംകുളം – പുനലൂർ റോഡിൽ വാഹനങ്ങൾക്ക് വശം കൊടുക്കാതെ സ്കൂട്ടറിൽ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു. മൂന്ന് പേരാണ് സ്കൂട്ടറിൽ സാഹസിക യാത്ര നടത്തിയത്. മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു. ഹെൽമറ്റ് പോലും വെക്കാത്ത മൂന്ന് പേരായിരുന്നു സ്കൂട്ടറിലെ യാത്രക്കാർ. അതിൽ 2 പേ‍ര് പ്രായപൂർത്തിയാകാത്തവർ. ചാരുമൂട് ജംഗ്ഷനിൽ നിന്ന് കിലോ മീറ്ററുകളോളും റോഡ് കൈയ്യടക്കിയായിരുന്ന മൂവർ സംഘത്തിന്റെ അഭ്യാസ പ്രകടനം.

പിന്നാലെ വന്ന വാഹനങ്ങളെ ഒന്നും കയറ്റി വിടാതെ റോഡിൽ സ്കൂട്ടർ വട്ടം വെച്ചായിരുന്നു അഴിഞ്ഞാട്ടം. ഹോൺ മുഴക്കിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാർക്ക് നേരെ അസഭ്യം പറയലും അശ്ലീല ആംഗ്യം കാണിക്കലും നടത്തി. മൂവർ സംഘത്തിന്റെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ആർസി ഉടമയെ തേടി മോട്ടോർ വാഹന വകുപ്പ്. ഒടുവിൽ കണ്ടെത്തി. വീട്ടിലെത്തി വാഹനം പൊക്കി. സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസും സസ്പെന്റ് ചെയ്തു. അപടകരമായ ഡ്രൈവിങ്ങിന് കേസും എടുത്തിട്ടുണ്ട്.

YouTube video player