ബൈക്കപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസർകോട് സ്വദേശിനി പ്രഫുല്ലയുടെ അന്ത്യാഭിലാഷം കുടുംബം നിറവേറ്റി. വരന്റെ നാടായ തമിഴ്‌നാട്ടിലെത്തി അദ്ദേഹത്തിന്റെ ശവകുടീരത്തിന് അരികെ യുവതിയെ സംസ്‌കരിച്ചു. പ്രണയവിവാഹത്തിന് കാത്തിരിക്കവേയാണ് മണിയുടെ അപ്രതീക്ഷിത മരണം.

കാസർകോട്: ബൈക്കപകടത്തിൽ മരിച്ച പ്രതിശ്രുത വരന് അരികിൽ സംസ്‌കരിക്കണമെന്ന യുവതിയുടെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം. പ്രതിശ്രുത വരൻ മരിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ പ്രഫുല്ലയുടെ മൃതദേഹം തമിഴ്നാട് തിരുനെൽവേലി വള്ളിയൂർ ഗ്രാമത്തിലാണ് സംസ്‌കരിച്ചത്. വള്ളിയൂർ സ്വദേശി മണിയുമായുള്ള പ്രഫുല്ലയുടെ വിവാഹം മഴക്കാലത്തിന് ശേഷം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിൽ ബി.ജയാനന്ദൻ- ദേവി ദമ്പതികളുടെ മകളാണ് 26 കാരിയായ പ്രഫുല്ല. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയാണ് മണി (30). ജനുവരിയിൽ വാഹനാപകടത്തിൽപ്പെട്ടാണ് മണി മരിച്ചത്. പാലക്കാട് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനിടെയാണ് പ്രഫുല്ലയും ഫൈനാൻസ് കമ്പനിയിലെ ജീവനക്കാരനുമായ മണിയും (30) പ്രണയത്തിലായത്. ഇരുവീട്ടികാരും സമ്മതിച്ചതോടെ ഒമ്പതു മാസം മുമ്പ് വിവാഹ നിശ്ചയം നടന്നു. മണിയുടെ ജോലി സ്ഥിരമായതോടെ ഈ വർഷം മഴക്കാലത്തിനു മുമ്പ് വിവാഹം നടത്താനായിരുന്നു തീരുമാനം. അതിനിടെയാണ് മണി സഞ്ചരിച്ച ബൈക്കിനു പിറകിൽ കാറിടിച്ചത്.