കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിനായി കന്നേറ്റി കായലിൽ വിപുലമായ തിരച്ചിൽ തുടരുന്നു. വീടിന് സമീപത്തെ കായൽക്കരയിൽ നിന്ന് കുട്ടിയുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുട്ടി അപകടത്തിൽപ്പെട്ടതാകാമെന്ന സംശയത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി കായലിൽ ഫയർഫോഴ്‌സും പൊലീസും എൻഡിആർഎഫും ചേര്‍ന്ന് വിപുലമായ തിരച്ചിൽ നടത്തുന്നു. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ വിദ്യാർത്ഥിയായ ബിലാലിനെയാണ് കാണാതായത്.

വീട്ടിൽ നിന്ന് കളിക്കാനായി ഇറങ്ങിയ കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തുള്ള കായലക്കരെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയത്. കായലിൽ ശക്തമായ അടിയൊഴുക്കുള്ളത് നിലവിൽ തിരച്ചിലിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

അതിനിടെ, ബിലാൽ കൂട്ടുകാരനൊപ്പം കായലിന് സമീപത്തേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടി കായലിൽ അപകടത്തിൽപ്പെട്ടതാണോ എന്ന സംശയത്തിൽ പ്രദേശവാസികളുടെയും സ്കൂൾ അധികൃതരുടെയും സഹകരണത്തോടെ തെരച്ചിൽ തുടരുകയാണ്.