ചാരുംമൂട്: വൈകല്യങ്ങള്‍ മറികടന്ന് ദേശീയ പാരാലിമ്പിക്സ് പവര്‍ലിഫ്റ്റിങ്ങില്‍ കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയ പ്രമോദ് നാടിന് അഭിമാനമാകുന്നു. ശാരീരിക വൈകല്യമുള്ളവരുടെ നാഗ്പൂരില്‍ നടന്ന 17 -ാം ദേശീയ പാരാലിമ്പിക്സ് പവര്‍ലിഫ്റ്റിങ്ങില്‍ 107 കിലേ മുകളിലുള്ളവരുടെ വിഭാഗത്തില്‍ 142 കിലോ ഭാരം ഉയര്‍ത്തി വെള്ളി മെഡല്‍ നേടിയാണ് താമരക്കുളം ചത്തിയറ പ്രമോദ് ഭവനത്തില്‍ പ്രഹ്ളാദന്‍ , റഷീദ ദമ്പതികളുടെ മകന്‍ പ്രമോദ് നാടിന് അഭിമാനമായത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തെത്തുടര്‍ന്ന് പ്രമോദിന് ഒരു കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഹയര്‍ സെക്കന്‍ഡറി വരെ പഠിച്ച പ്രമോദിനെ കരിമുളക്കല്‍ മിഷന്‍ ഫിറ്റ്‌നസ് സെന്‍റര്‍ ഉടമ സാഗര്‍ ഗോപാലകൃഷ്ണനാണ് പാരാ പവര്‍ലിഫ്റ്റിങ് രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. അത് വിജയത്തിലേക്കുള്ള കുതിപ്പായി. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ പ്രമോദ് വെങ്കല മെഡല്‍ നേടിയിരുന്നു. 

ജപ്തി ഭീഷണി നേരിടുന്ന വീടിന്‍റെ ഏക ആശ്രയമായ പ്രമോദിന് പരിശീലനത്തിന് ആരും സഹായത്തിനില്ലാത്തതിനാല്‍ നീണ്ട ഇടവേള എടുക്കേണ്ടി വന്നു. ഒടുവില്‍ സന്മനസ്സുള്ളവരുടെ സഹായത്തോടെ തിരിച്ചെത്തിയ പ്രമോദ് ഒരു മാസത്തോളം നീണ്ട കഠിന പരിശീലനം കൊണ്ട് നേടിയ ഈ വെളളി മെഡലിന് സ്വര്‍ണ്ണത്തോളം തിളക്കമുണ്ട്. അടുത്ത വര്‍ഷം ജപ്പാനില്‍ നടക്കുന്ന പാരാ ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെന്നാണ് പ്രമോദിന്‍റെ ആഗ്രഹം. അതിന് യോഗ്യത നേടാനുള്ള കഴിവ് പ്രമോദിന് ഉണ്ടെന്ന് പരിശീലകന്‍ സാഗര്‍ പറയുന്നു. 

പവര്‍ലിഫ്റ്റിങ് പരിശീലന ഉപകരണങ്ങള്‍ക്കും പരിശീലന കാലത്തെ ഭക്ഷണത്തിനും മറ്റുമായി അഞ്ച് ലക്ഷത്തോളം രൂപ ചെലവാകും. ഈ തുക എങ്ങനെ കണ്ടെത്തുമെന്ന വിഷമത്തിലാണ് പ്രമോദ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പാരാലിമ്പിക് മത്സരങ്ങളിലെ വിജയികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം കൊടുക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ മത്സരത്തിനുള്ള എല്ലാ ചെലവുകളും പങ്കെടുക്കുന്നവര്‍ കണ്ടെത്തണം. 

ഇത് മത്സര രംഗത്തെത്തി വിജയം നേടുന്നവരെ അവഗണിക്കുന്നതിന് തുല്യമാണെന്നും ആക്ഷേപമുണ്ട്. പ്രമോദിന്‍റെ ചെറുതല്ലാത്ത ഈ നേട്ടം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും തുടര്‍ പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാനുമുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. അടുത്ത ദിവസം നാട്ടിലെത്തുന്ന പ്രമോദിന് ഉജ്വലമായ സ്വീകരണത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രമോദിന്‍റെ നാട്ടുകാര്‍.