Asianet News MalayalamAsianet News Malayalam

പ്രാർത്ഥനകൾ വിഫലം; തന്‍റെ കുഞ്ഞിനെ ഒരു നോക്ക് കാണാനാകാതെ ഗോകുല്‍ യാത്രയായി

ആറ് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവ് ആയതോടെ ഗോകുല്‍ ജീവിതത്തിലേക്ക് മടങ്ങി എത്തുമെന്നായിരുന്നു കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പ്രതീക്ഷകള്‍. എന്നാൽ...

Prayers fail; Gokul left without take a look at his baby
Author
Kottayam, First Published Jun 19, 2021, 7:24 PM IST

കോട്ടയം: കൊവിഡിനോടും വൃക്കരോഗത്തോടും ഒരുമിച്ച് പൊരുതി ഒടുവില്‍ ഗോകുല്‍ യാത്രയായി. വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയവേ കൊവിഡ് ബാധിച്ചോതടെ ഗുരുതരാവസ്ഥയിലായ ഗോകുലിനായി നാടും നാട്ടാരും പ്രാര്‍ത്ഥനയോടെ കഴിയുമ്പോഴാണ് പ്രതീക്ഷകള്‍ നല്‍കി, ഒടുവിൽ എല്ലാം വിഫലമാക്കി ഗോകുലിനെ മരണം കൊണ്ട് പോയത്. പാമ്പാടി പങ്ങട മുണ്ട്യ്ക്കൽ ആർ ഗോകുലാണ് ( 29) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങിയത്. 

ആറ് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവ് ആയതോടെ ഗോകുല്‍ ജീവിതത്തിലേക്ക് മടങ്ങി എത്തുമെന്നായിരുന്നു കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പ്രതീക്ഷകള്‍. മൂന്നാഴ്ച മുമ്പായിരുന്നു ഗോകുലിന്‍റെ ഭാര്യ രേഷ്മ രാജൻ കുഞ്ഞിന് ജന്മം നല്‍കിയത്. തന്‍റെ കുഞ്ഞിന്‍റെ മുഖം ഒരു നോക്ക് കാണാതെയാണ് ഗോകുല്‍ മടങ്ങിയത്. കിഡ്നി രോഗത്തെ തുടര്‍ന്ന് 2013ല്‍ ഗോകുലിന്‍റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു.തുടര്‍ന്ന് ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിച്ച ഗോകുല്‍ പുറ്റടിയിൽ സ്വകാര്യ കോളജിൽ ലൈബ്രറിയൻ ആയി ജോലി ചെയ്യുകയായിരുന്നു. 

2020ലാണ് വീണ്ടും വൃക്ക രോഗം ഗോകുലിനെ പിടികൂടിയത്. അതിനുള്ള ചികിത്സ നടക്കുന്നതിനിടെയാണ് കൊവിഡും ബാധിച്ചത്. ഇതോടെ നില കൂടുതല്‍ ഗുരുതരമായി.ശ്വാസകോശത്തെയും രോഗം ബാധിച്ചു. ചികിത്സ ചെലവിനായി വലിയ തുക ആവശ്യമായി വന്നതോടെ നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം അത് കണ്ടെത്തായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. കോട്ടയം ബസേലിയസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു ഗോകുലും രേഷ്മയും. 

കോളജിലെ സുഹൃത്തുകളും ജനകീയ സമിതി രൂപീകരിച്ച് നാട്ടുകാരും ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താനുള്ള പരിശ്രമങ്ങളിലായിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ എല്ലാം അവസാനിപ്പിച്ച് ഗോകുല്‍ യാത്രയായി. ഭാര്യയും കുഞ്ഞും സഹോദരനും അമ്മയും അടങ്ങുന്നതാണ് ഗോകുലിന്‍റെ കുടുംബം. അമ്മ - ശാരദാമ്മ, സഹോദരന്‍ - രാഹുല്‍. ഭാര്യ രേഷ്മ കരുമൂട് കരിക്കടൻ പാക്കൽ കുടുംബാംഗമാണ്. അച്ഛൻ രാജൻ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios