മദ്യപിച്ചതിനെ ചൊല്ലി ഭർത്താവും ഭാഗ്യയും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കല്ലറയിൽ എട്ട് മാസം ഗർഭിണിയായ യുവതി ജീവനൊടുക്കിയത് ഭര്‍ത്താവ് മദ്യപിച്ചതില്‍ മനം നൊന്താണെന്ന് പൊലീസ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസ്സുള്ള ഭാഗ്യ എട്ട് മാസം ഗര്‍ഭിണിയായിരുന്നു.
ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്താണ് ഭാഗ്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചതിനെ ചൊല്ലി ഭർത്താവും ഭാഗ്യയും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടനകത്തെ മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതോടെ ഭാഗ്യ വലിയ മനോവിഷമത്തിലായിരുന്നു. കല്ലറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഒരു ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന വിവാഹിതയായ രണ്ടാമത്തെ യുവതിയാണ് ഭാഗ്യ. വർക്കല ഇടവയിൽ ശ്രുതി എന്ന യുവതിയെ ശനിയാഴ്ച രാത്രിയി സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. വർക്കല ഇടവ വെൺകുളം സ്വദേശിനി വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ് സംഭവം.
