ഗര്‍ഭിണികള്‍ ഡോക്ടറെ കാണാനാകാതെ തിരിച്ച് പോകേണ്ടി വരുന്നുവെന്ന യഥാര്‍ഥ്യം ആരോഗ്യമന്ത്രിയും അറിയണം...


സുല്‍ത്താന്‍ബത്തേരി: വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തത് അല്ലാതെ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് ഇന്നും ദുരിത പര്‍വ്വം സമ്മാനിക്കുകയാണ് ബത്തേരി താലൂക്ക് ആശുപത്രി. ശാരീരിക അവശതയില്‍ നിറവയറുമായി കിലോമീറ്ററുകള്‍ താണ്ടി ആശുപത്രിയിലെത്തിയാലും ഡോക്ടറെ കാണാനാകാതെ മടങ്ങേണ്ട ഗതികേടിലാണ് ഗര്‍ഭിണികള്‍. ആശുപത്രിയില്‍ ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുമാരില്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുന്നുണ്ടെന്ന് പറയുന്നവര്‍ക്ക് ആത്മാഭിനമുണ്ടെങ്കില്‍ കാലങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന പ്രയാസം മനസിലാകുമെന്ന് ജനങ്ങള്‍ പറയുന്നു. ഗര്‍ഭിണികള്‍ ഡോക്ടറെ കാണാനാകാതെ തിരിച്ച് പോകേണ്ടി വരുന്നുവെന്ന യഥാര്‍ഥ്യം ആരോഗ്യമന്ത്രിയും അറിയണം.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മാത്രമാണ് ആശുപത്രിയില്‍ ഗൈനക്കോളജി ഒ.പി.യുള്ളത്. ഇക്കാരണത്താല്‍ തന്നെ ഈ ദിവസങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വയനാട്ടുകാര്‍ക്കുപുറമേ കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നുള്ളവരും നല്ല ചികിത്സ തേടി താലൂക്കാശുപത്രിയിലെത്തുന്നുണ്ട്. 200-നും 300-നും ഇടയില്‍ കുറയാത്ത രോഗികളാണ് ദിവസവും ഓരോ ഒ.പി.യിലും എത്തുന്നത്. ഇത്രയും പേരെ ഒരു ഡോക്ടര്‍ക്ക് പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ ഒ.പി. ടിക്കറ്റ് വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് അധികൃതര്‍. നിലവില്‍ 50 രോഗികളെയാണ് ഒ.പി.യില്‍ പരിശോധിക്കുന്നത്. അതിനാല്‍ പലരും ഡോക്ടറെ കാണാന്‍ കഴിയാതെ നിരാശയോടെ മടങ്ങേണ്ടി വരികയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഈ പ്രശ്‌നമെന്ന് ജനം ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നം രൂക്ഷമായപ്പോള്‍ താത്കാലികമായി ഗൈനക്കോളജിസ്റ്റിനെ നിയമിച്ചിരുന്നു. എന്നാല്‍ സ്ഥിരം പരിഹാരമാണ് രോഗികള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ സ്ത്രീരോഗ വിഭാഗത്തിലുള്ളത് ഒരു ഗൈനക്കോളജിസ്റ്റ് മാത്രമാണ്. നൂറുകണക്കിന് രോഗികളെ പരിശോധിക്കാനും പ്രസവമെടുക്കാനും ശസ്ത്രക്രിയയ്ക്കുമെല്ലാം ഈ ഒരാള്‍ വിശ്രമമില്ലാതെ ജോലിയെടുക്കേണ്ട ഗതികേടിലാണ്. മണിക്കൂറുകള്‍ കാത്തിരുന്നാണ് പലരും ഡോക്ടറെ കണ്ട് മടങ്ങുന്നത്. സ്വകാര്യാശുപത്രികള്‍ പരിശോധനയ്ക്കും മറ്റും വന്‍തുക ഈടാക്കുന്നതിനാല്‍ നിര്‍ധനരായവരുടെ ആശ്രയം താലൂക്ക് ആശുപത്രിയാണ്.

ഗൈനക്കോളജി വിഭാഗത്തില്‍ ഒരു കണ്‍സള്‍ട്ടന്റ്, രണ്ട് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളാണുള്ളത്. ഇതില്‍ കണ്‍സള്‍ട്ടന്റ് തസ്തിക വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ആരെയെങ്കിലും ഈ തസ്തികയിലേക്ക് നിയമിച്ചാലും ഉടന്‍ ഇവര്‍ സ്ഥലംമാറ്റംവാങ്ങി പോവുകയാണ് പതിവ്. രണ്ട് ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരുള്ളതില്‍ ഒരാള്‍ കോവിഡ് ബാധിച്ച് ഒന്നര മാസത്തോളമായി അവധിയിലാണ്. ഇതോടെയാണ് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ അവതാളത്തിലായത്.

ആകെയുള്ള ഒരു ഡോക്ടറുടെ ജോലിഭാരം പറഞ്ഞറിയിക്കാനാകാത്തതാണ്. 24 മണിക്കൂര്‍ എന്ന കണക്കില്‍ ഇവര്‍ക്ക് ജോലി ചെയ്യേണ്ട അവസ്ഥയാണ്. പുലര്‍ച്ചവരെ പ്രസവ, ശസ്ത്രക്രിയ ജോലികള്‍ ചെയ്തശേഷം കുറഞ്ഞ സമയം മാത്രമുള്ള വിശ്രമത്തിന് ശേഷം ചിലപ്പോള്‍ അതിരാവിലെ തന്നെ രോഗികളെ പരിശോധിക്കാനായി വീണ്ടുമെത്തേണ്ടിവരുന്നുണ്ട്. ജോലിഭാരം ഉള്ള ഡോക്ടറെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്. അതേ സമയം ഡോക്ടര്‍മാരുടെ കുറവുള്ളതിനാലാണ് ഗൈനക്കോളജി ഒ.പി.യിലെ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അവധിയിലുള്ള ഡോക്ടര്‍ തിരിച്ചെത്തുന്ന മുറക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.