പ്രശസ്തമായ 'പ്രേമം പാലം' അടച്ചുപൂട്ടുന്നു
മയക്കുമരുന്ന് ഉപയോഗിക്കുന്നവരടക്കമുള്ള സാമൂഹ്യവിരുദ്ധർ പാലത്തിൽ തമ്പടിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അടച്ചുപൂട്ടുന്നത്.
കൊച്ചി: ആലുവയിലെ പ്രശസ്തമായ പ്രേമം പാലം നാട്ടുകാരുടെ പരാതിയെ തുടർന്ന് അടച്ച് പൂട്ടുന്നു. പാലം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായെന്ന പരാതിയെ തുടർന്നാണ് നടപടി. അതേസമയം പാലം അടച്ച് പൂട്ടുന്നതിൽ മറ്റൊരു വിഭാഗം നാട്ടുകാർക്ക് എതിർപ്പുണ്ട്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം റിലീസായതോടൊണ് ഈ പാലം പ്രശസ്തമായത്. പിന്നീട് സഞ്ചാരികളടക്കം ഈ പാലം കാണാൻ എത്തി. എന്നാൽ, വർഷങ്ങൾക്ക് ശേഷം പാലം അടച്ചുപൂട്ടാനാണ് തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരടക്കമുള്ള സാമൂഹ്യവിരുദ്ധർ പാലത്തിൽ തമ്പടിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അടച്ചുപൂട്ടുന്നത്. പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കുകയും ചെയ്തു.