ഹരിപ്പാട്: ബാലപീഡനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും അനാഥാലയം നടത്തിപ്പുകാരനുമായ പുരോഹിതനെ ആലപ്പുഴ പോക്സോ കോടതി റിമാൻഡ് ചെയ്തു. കോടതിയിൽ കീഴടങ്ങിയതിന് പിന്നാലെയാണ് നടപടി. കൊടുങ്ങല്ലൂർ സ്വദേശിയും കൊടുങ്ങല്ലൂർ ജാമിയ അസീസിയ അനാഥാലയം നടത്തിപ്പുകാരനുമായ ഇബ്രാഹീം കുട്ടി മുസ്‌ലിയാരെയാണ് (63) റിമാൻഡ് ചെയ്തത്. ഇയാളെ അലപ്പുഴ സബ് ജയിലിലേക്ക് മാറ്റി.

ഹരിപ്പാട് ഡാണാപ്പടിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ജൂലൈ 25ന് എത്തിയ പ്രതി സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 12 വയസുള്ള മകനെ ഇയാൾ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് ആലപ്പുഴ ചൈയിൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ മൊഴി എടുക്കുകയും കൗൺസിലിംഗ് നടത്തുകയും ചെയ്തിതിരുന്നു. 

തുടർന്ന് ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയും മജിസ്ട്രേറ്റ് കോടതി മൊഴി എടുക്കുകയും ചെയ്തു.
ഇതിനിടെ പ്രതി ജില്ല കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മാസങ്ങളായി ഇയാൾ ഒളിവിലായിരുന്നു. പൊലീസ് അന്വേഷണം നടത്തിവരികെയാണ് ഇയാൾ കീഴടങ്ങിയത്.