Asianet News MalayalamAsianet News Malayalam

കൂട്ടുകാരൊപ്പം കുളിക്കാനെത്തി, കേരളാകുണ്ട് വെള്ളച്ചാട്ടത്തില്‍‌ മുങ്ങി; വിജേഷിന്‍റെ രക്ഷകനായി ഫസലുദ്ദീന്‍

സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും യുവാവിനെ മുകളിലേക്ക് കയറ്റാന്‍ കഴിഞ്ഞില്ല.  ഇതോടെ സ്വകാര്യ ബസ് ഡ്രൈവറായ ഫസലുദ്ദീന്‍ മുന്നോട്ടുവന്നത്. ആളെ ചുമലില്‍ കെട്ടി മുകളിലേക്ക് കയറില്‍ തൂങ്ങി കയറാന്‍ കഴിയുമെന്ന് ഫസലുദ്ദീന്‍ പറഞ്ഞു. 

private bus driver save youth from kerala kund waterfall vkv
Author
First Published Feb 7, 2023, 8:39 PM IST

മലപ്പുറം: കരുവാരക്കുണ്ട് കേരളാകുണ്ട് വെള്ളച്ചട്ടത്തില്‍ മുങ്ങിതാഴ്ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശി വിജേഷിനെയാണ് ബസ് ഡ്രൈവറായ ഫസലുദ്ദീന്‍ മരണക്കയത്തില്‍ നിന്നും പിടിച്ച് കയറ്റി  രക്ഷകനായത്. തമിഴ് നാട്ടില്‍നിന്നുള്ള അഞ്ചംഗസംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് കേരളാകുണ്ട്  വെള്ളച്ചാട്ടത്തിലെത്തിയത്.  കൂട്ടുകാരോടൊപ്പം കുളിക്കാനിറിങ്ങിയ വിജേഷ്  നീന്തലറിയാത്തതിനാല്‍ ആഴമില്ലാത്ത ഭാഗത്തേക്കിറങ്ങി. ഇതിനെടെ  തെന്നിനീങ്ങി ആഴമുള്ള ഭാഗത്തെത്തിയതോടെ മുങ്ങിത്താഴുകയായിരുന്നു. 

സുഹൃത്തുക്കള്‍ ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാന്‍ അവര്‍ക്കായില്ല. നിലതെറ്റി വെള്ളത്തില്‍ വീണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച വിജേഷിനെ രക്ഷിക്കാനാവാതെ ഒരു മാര്‍ഗവുമില്ലാതെ സുഹൃത്തുക്കള്‍ അലമുറയിട്ടു. സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും യുവാവിനെ മുകളിലേക്ക് കയറ്റാന്‍ കഴിഞ്ഞില്ല.  ഇതോടെ സ്വകാര്യ ബസ് ഡ്രൈവറായ ഫസലുദ്ദീന്‍ മുന്നോട്ടുവന്നത്. ആളെ ചുമലില്‍ കെട്ടി മുകളിലേക്ക് കയറില്‍ തൂങ്ങി കയറാന്‍ കഴിയുമെന്ന് ഫസലുദ്ദീന്‍ പറഞ്ഞു. 

അസാധ്യമെന്ന് പറഞ്ഞ് കൂടെയുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമയം പാഴാക്കാതെ ഫസലുദ്ദീന്‍ കെട്ടിത്തൂക്കിയ കയറിലൂടെ താഴേക്കിറങ്ങി. ക്ഷീണിതനായ വിജേഷിനെ ചുമലില്‍ കെട്ടി മുറുക്കി പാറക്കെട്ടുകളിലൂടെ ശ്രദ്ധയോടെ ചുവടുവെച്ച് കയറില്‍ തൂങ്ങി മുകളിലെത്തിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  ഫസലുദ്ദീനോടുള്ള നന്ദിയും കടപ്പാടും തീര്‍ക്കാനാവില്ലെന്ന് പറഞ്ഞാണ് ജീവന്‍ തിരിച്ചുകിട്ടിയ വിജേഷും കൂട്ടുകാരും നാട്ടിലേക്ക് മടങ്ങിയത്.

കിണര്‍കുഴിച്ചുള്ള പരിചയമാണ് കയറില്‍ തൂങ്ങി കയറാനുള്ള ധൈര്യം നല്‍കിയതെന്ന് ഫസലുദ്ദീന്‍ പറയുന്നു.  ഒരാള്‍ ജീവനുവേണ്ടി യാചിക്കുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്നും കൂടെയുള്ളവരില്‍ വിശ്വാസമര്‍പ്പിച്ച് സാഹസിക കൃത്യത്തിന് മുതിരുകയായിരുന്നുവെന്നും ഹസലുദ്ദീന്‍ പറഞ്ഞു. എന്തായാലും സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവനെ കൈപിടിച്ച് കയറ്റിയ ഫസലുദ്ദീനെ അഭിന്ദനം കൊണ്ട് മൂടുകയാണ് നാട്ടുകാര്‍. പുറ്റമണ്ണയിലെ പുളിക്കല്‍ ചേക്കുണ്ണിആയിശ ദമ്പതിമാരുടെ മകനാണ് ഫസലുദ്ദീന്‍. ഭാര്യ ജുഫ്‌ന ഷെറിന്‍, ഫിസ മെഹ്‌റിന്‍ മകളുമാണ്.

Read More : തേഞ്ഞ ടയര്‍, വേഗപ്പൂട്ടില്ല; വിദ്യാര്‍ത്ഥികളുമായി പോകവെ സ്കൂള്‍ ബസിന്‍റ ടയര്‍ പൊട്ടി, ഫിറ്റനസ് റദ്ദാക്കി

Follow Us:
Download App:
  • android
  • ios