ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച് വീണ നിതിന്‍റെ ഇടുപ്പെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുണ്ട്. പിന്നിലിരുന്ന സുധീഷ് കുമാറിന്റെ ഇടതുകാലൊടിഞ്ഞു.

കളമശേരി: ബൈക്കില്‍ സ്വകാര്യ ബസിടിച്ച് മാധ്യമ പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ചന്ദ്രിക കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ നിതിന്‍ കൃഷ്ണന്‍, സബ് എഡിറ്റര്‍ എസ് സുധീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കളമശേരി ടി വി എസ് ജംഗ്ഷനിലായിരുന്നു അപകടം. ചന്ദ്രിക ജീവനക്കാരന്‍റെ സഹോദരന്‍റെ മരണാവശ്യത്തിന് പോയി തിരിച്ചു വരവെ ടിവിഎസ് ജംഗ്ഷനില്‍ സിഗ്നല്‍ കാത്ത് നില്‍ക്കുന്നതിനിടെ സൗത്ത് കളമശേരിയില്‍ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കെ എല്‍ 43 ബി 175 എന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച് വീണ നിതിന്‍റെ ഇടുപ്പെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുണ്ട്. പിന്നിലിരുന്ന സുധീഷ് കുമാറിന്റെ ഇടതുകാലൊടിഞ്ഞു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സുധീഷിനെ വൈകിട്ടോടെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവര്‍ക്കും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അതേസമയം, കോട്ടയത്ത് കിടങ്ങൂര്‍ - അയർക്കുന്നം റോഡിൽ പാഴ്സൽ ലോറിയും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. അയർക്കുന്നത്തിന് സമീപം കല്ലിട്ട് നടയിലാണ് അപകടമുണ്ടായത്. പാഴ്സൽ ലോറി സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പത്തോളം ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കിടങ്ങൂരിലെയും അയർകുന്നത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തല സീറ്റിന്റെ മുമ്പിൽ ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. അയർക്കുന്നം കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. 

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് പണി! ചുറ്റും മാത്രം നോക്കിയിട്ട് കാര്യമില്ല, പറന്നെത്തും ഡ്രോണുകളുമായി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

YouTube video player