ട്രാഫിക് സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് പോലീസുകാരന് പരിക്ക്.
ചാരുംമൂട്: ട്രാഫിക് സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് പോലീസുകാരന് പരിക്ക്. നൂറനാട് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ സിപിഒ ഇടക്കുന്നം സ്വദേശി ഗോഗുൽനാഥിനാണ് (28) പരിക്കേറ്റത്. ഇദ്ദേഹത്തെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുകൈക്ക് ഒടിവുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഗോഗുൽനാഥിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ചാരുംമൂട് ടൗണിലെ ട്രാഫിക് സിഗ്നൽ പോയിന്റിലായിരുന്നു അപകടം. സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിന് പിന്നിൽ അനീഷാമോൾ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗോഗുൽനാഥ് റോഡിലേക്ക് തെറിച്ചുവീഴുകയും ബൈക്ക് അമ്പതുമീറ്ററോളം മുന്നോട്ട് ഉരുണ്ടുപോയി മറിയുകയും ചെയ്തു. ഈ സമയം കാൽനടയാത്രക്കാരോ മറ്റു വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ബസ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർ അനൂപിനെതിരെ (35) കേസെടുക്കുകയും ചെയ്തു.














