തൃശൂര്‍: ഇന്റേണ്‍ഷിപ്പുവഴി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വന്‍കിട കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന ലോബി കേരളത്തിലും സജീവം. 'ഗ്രാന്റ് കേരള ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണി' എന്ന പരിപാടിയിലൂടെ തട്ടിപ്പിന് തലവെച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തുന്നുവെന്നതാണ് വലിയ ആക്ഷേപം. കേരളത്തിലെ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡസ്ട്രികളില്‍ ഇന്റേണ്‍ഷിപ്പ് തരപ്പെടുത്തികൊടുക്കുവാന്‍ സ്വകാര്യ സ്ഥാപനത്തിനെ ഏല്‍പ്പിക്കുന്നതിനു വേണ്ടിയാണ് ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണി ഒരുക്കിയിട്ടുള്ളത്. 

വ്യാഴാഴ്ച കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരത്ത് നടത്തുന്ന പരിപാടിയില്‍ എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യസ്ഥാപനത്തിന് ചുമതല കൈമാറിയേക്കുമെന്നാണ്് സൂചന. മന്ത്രി കെ.ടി ജലീല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പദ്ധതിക്ക് തുടക്കം. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി, കെല്‍, കെ.എസ്.ഇ.എല്‍, കെല്‍ട്രോണ്‍, പ്രസാര്‍ഭാരതി, കെ.എം.എം.എല്‍, ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രി, കൊച്ചിന്‍ മെട്രോ, കാംകോ, കെഎഐസിഒ, മലബാര്‍ സിമന്റ്‌സ്, എസ്‌ഐഎഫ്എല്‍ തുടങ്ങി നിരവധി ഇന്‍ഡസ്ട്രികള്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി ഇന്റേണ്‍ഷിപ് നല്‍കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണിത്. 

വര്‍ഷങ്ങള്‍ മാത്രം പ്രവര്‍ത്തന പരിചയമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ് സ്ഥാപനത്തിന് വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഡസ്ട്രികള്‍ക്കും ഇടയില്‍ ഇടനിലക്കാരാക്കി നിര്‍ത്തുന്നത് ഇന്‍ഡസ്ട്രി കളില്‍നിന്നും കമ്മീഷന്‍ വാങ്ങി പണം സമ്പാദിക്കാനാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കേരളത്തിലെ കോളജുകളിലെ വര്‍ഷാവര്‍ഷം പുറത്തിറങ്ങുന്ന അഭ്യസ്തവിദ്യരായ വിദ്യാര്‍ത്ഥികളടങ്ങിയ ഒരു ലൈവ് വെബ് പോര്‍ട്ടല്‍ തയ്യാറാക്കുകയാണ് ഇടനിലക്കാരുടെ ലക്ഷ്യം. ഇവ കോടികള്‍ നല്‍കി വാങ്ങാന്‍ ലോകത്തെ വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഉണ്ടെന്നതാണ് ഇതിലെ ലാഭം. സ്വകാര്യ കമ്പനി മുന്നോട്ട് വെക്കുന്ന ബിസിനസ് തന്ത്രം മാത്രമാണ് 'ഇന്റേണ്‍ഷിപ്പ് പ്ലാറ്റ്‌ഫോം കേരള' എന്ന പേരിലുള്ള ഈ പദ്ധതി എന്നാണ് വിലയിരുത്തപ്പെടുന്നത്. ആധുനിക ലോകത്ത് അഭ്യസ്തവിദ്യരായ വിദ്യാര്‍ത്ഥികളുടെ ഡാറ്റബേസ് ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങാന്‍ നിരവധി കച്ചവട കമ്പനികള്‍ ഉണ്ടെന്നുള്ളതും പരസ്യമായ വസ്തുതയാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളജുകളിലെ യുവതി യുവാക്കളായ വിദ്യാര്‍ത്ഥികളുടെ ഡാറ്റ ശേഖരിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും മറിച്ച് കൊടുക്കുന്നതുമടക്കം നിരവധി കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്ത് ലക്ഷങ്ങള്‍ കൊയ്യാന്‍ സ്വകാര്യസ്ഥാപനങ്ങള്‍ മത്സരിക്കുകയാണിന്ന്. സ്‌കോളര്‍ഷിപ്പ്, യോഗ്യത പരീക്ഷ, ഫ്രീ കോഴ്‌സ്, ഇന്റേണ്‍ഷിപ്പ്, തുടങ്ങി നിരവധി നിസാര കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്താണ് ഇക്കൂട്ടര്‍ കോളജുകളില്‍ കയറിപ്പറ്റി യുവതി യുവാക്കളായ വിദ്യാര്‍ത്ഥികളുടെ ഡാറ്റാബേസ് തട്ടിയെടുക്കുന്നത്. മാട്രിമോണിയല്‍ കമ്പനികള്‍, കോസ്‌മെറ്റിക്‌സ്, ഫാഷന്‍ ആന്റ് അപ്പാരല്‍ തുടങ്ങി ഡ്രഗ് മാഫിയ അടക്കമുള്ള സാമൂഹ്യവിരുദ്ധ മേഖലകളിലേക്കാണ്് ഇവര്‍ ഇതെല്ലാം കൈമാറുന്നത്. 

വളരെയധികം അപകടസാധ്യതകളെ വിളിച്ചുവരുത്തുന്ന പരിപാടി ഇതാദ്യമായാണ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിലെ യുവതി യുവാക്കളായ വിദ്യാര്‍ത്ഥികളുടെ ഡാറ്റബേസ് സ്വകാര്യകമ്പനി ശേഖരിക്കുന്നത് നിര്‍ത്തലാക്കണമെന്നതാണ് വിദ്യാര്‍സ്ഥി സമൂഹവും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്. ഇന്റേണ്‍ഷിപ്പിനുള്ള ഇടനിലക്കാര്‍ക്ക് പകരം അത്തരമൊരു സെന്‍ട്രലൈസ്ഡ് വെബ് പോര്‍ട്ടല്‍ സംവിധാനം സര്‍ക്കാരിന്റെയോ, എഎസ്എപിന്റെയോ, സി-ഡിറ്റിന്റെയോ നേതൃത്വത്തില്‍ നിര്‍മ്മിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശിക്കുന്നു.