Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; സമരം കടുപ്പിച്ച് ജീവനക്കാർ

 കേന്ദ്ര നിയമം അനുസരിച്ച് 30 വർഷത്തിൽ കൂടുതൽ കരാർ നൽകരുതെന്ന് വ്യവസ്ഥയുള്ളപ്പോൾ 50 വർഷത്തേക്ക് വിമാനത്താവള നടത്തിപ്പ് കൈമാറുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സമര സമിതി ചോദിച്ചു.

privatization of trivandrum airport; employees intensifies protest
Author
Thiruvananthapuram, First Published Feb 14, 2019, 10:08 AM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് ജീവനക്കാർ. സ്വകാര്യവത്കരണത്തിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ വിമാനത്താവളത്തിന് മുന്നിൽ ജീവനക്കാർ  പ്രതിഷേധ ദീപം തെളിയിച്ചു.

വിമാനത്താവളത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാലയ്ക്ക് ശേഷം അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനാണ് ജീവനക്കാരുടെ പദ്ധതി. ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് അഴിമതിയാണെന്നാണ് ഇവരുടെ ആരോപണം. കേന്ദ്ര നിയമം അനുസരിച്ച് 30 വർഷത്തിൽ കൂടുതൽ കരാർ നൽകരുതെന്ന് വ്യവസ്ഥയുള്ളപ്പോൾ 50 വർഷത്തേക്ക് വിമാനത്താവള നടത്തിപ്പ് കൈമാറുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സമര സമിതി ചോദിച്ചു.

സ്വകാര്യവത്കരണ നീക്കത്തിൽ നിന്ന്  പിന്നോട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് വിമാനത്താവളം ഏറ്റെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനും ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ, ധനകാര്യ സെക്രട്ടറി മനോജ് ജോഷി എന്നിവർ അംഗങ്ങളായുമാണ് കമ്പനി രൂപീകരണം.

കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ, കെഎസ്ഐഡിസി, കിഫ്ബി, നാഷണൽ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നിവ ടിയാലിൽ ഓഹരിയെടുക്കും.ടെണ്ടറിൽ സംസ്ഥാനത്തിന് ആദ്യ പരിഗണന നൽകാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.ഈ മാസം 28 ന് കരാർ നൽകാനാണ് തീരുമാനം. അതേസമയം സ്വകാര്യവത്കരണത്തിനെതിരെ കൂടുതൽ രാഷ്ട്രീയ പിന്തുണ തേടുകയാണ് സമര സമിതിയിപ്പോൾ.

Follow Us:
Download App:
  • android
  • ios