മെഡിക്കൽ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രൊഫസർ പൊലീസ് പിടിയിൽ
വിദ്യാർഥിനിയുടെ ആത്മഹത്യക്ക് കാരണമായ പ്രൊഫസർ പരമശിവം സുകൃതയെ മാനസികമായി പീഡിപ്പിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രൊഫസർ പിടിയിൽ. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകൾ സുകൃത(27)യെ ആണ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രൊഫസർ ഉൾപ്പെടെ മൂന്ന് പേരുടെ പേര് ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരന്നു.
വിദ്യാർഥിനിയുടെ ആത്മഹത്യക്ക് കാരണമായ പ്രൊഫസർ പരമശിവം സുകൃതയെ മാനസികമായി പീഡിപ്പിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കോളേജിലെ സീനിയർ മെഡിക്കൽ വിദ്യാർഥികളായ പ്രീതി, ഹരീഷ് എന്നിവരുടെ പേരുകളും കത്തിൽ പരാമർശിച്ചതിനാൽ പ്രൊഫസർ ഉൾപ്പെടെ മൂന്ന് പേരെയും അന്വേഷണം പൂർത്തിയാകുന്നതുവരെ വ്യാഴാഴ്ച കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ കോളേജിൽനിന്ന് പരമശിവത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രൊഫസർ കുറ്റക്കാരനെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)