ജില്ലയില്‍ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ 574 കോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. രണ്ടാംഘട്ടത്തില്‍ 212.7 കോടി രൂപയുടെ സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചതോടെയാണ് തുക ഇത്രയും ഉയര്‍ന്നത്.

കല്‍പ്പറ്റ: വേനലെത്തുന്നതോടെ വയനാട്ടില്‍ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന കാലം കൂടിയാണ്. കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടെ ആനക്കലിയില്‍ മാത്രം ഈ ജില്ലക്ക് നഷ്ടപ്പെട്ടത് 52 ജീവനുകളാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും. കടുവ അടക്കമുള്ള മറ്റു മൃഗങ്ങളുടെ ആക്രമണങ്ങളിലും ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. വന്യജീവി ആക്രമണം ചെറുക്കാന്‍ കൃത്യമായ പദ്ധതികളില്ലാത്തത് വനംവകുപ്പിന് എന്നും തലവേദനയായിരുന്നു. ഇതിനെല്ലാം ഇനി പരിഹാരമാകുകയാണ്. 

ജില്ലയില്‍ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ 574 കോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. രണ്ടാംഘട്ടത്തില്‍ 212.7 കോടി രൂപയുടെ സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചതോടെയാണ് തുക ഇത്രയും ഉയര്‍ന്നത്. നേരത്തെ നോര്‍ത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകള്‍ 362.06 കോടി രൂപയുടെ പാക്കേജ് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. 

വയനാട് വന്യജീവി സങ്കേതം (വൈല്‍ഡ് ലൈഫ് ഡിവിഷന്‍) വയനാട് നോര്‍ത്ത് ഡിവിഷന്‍, സൗത്ത് ഡിവിഷന്‍ പരിധികളിലാണ് 2006 മുതല്‍ ഇതുവരെ 52 പേര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരില്‍ പലരും കാടിനെയും മൃഗങ്ങളെയും അടുത്തറിയുന്നവരായിരുന്നുവെന്നത് എടുത്തുപറയണം. 2009 വരെ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറവായിരുന്നു. 

2006 മുതല്‍ 2009 വരെ ഓരോ വര്‍ഷവും ശരാശരി രണ്ട് പേര്‍ വീതമാണ് മരിച്ചത്. എന്നാല്‍ 2010 ആയപ്പോഴേക്കും ഈ കണക്ക് ഇരട്ടിച്ച് നാല് പേര്‍ എന്നായി. തൊട്ടടുത്ത വര്‍ഷം മരണസംഖ്യ ആറായി ഉയര്‍ന്നു. 2011-12ല്‍ ഏഴുപേരാണ് ആനകളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2013-14, 2015 വര്‍ഷങ്ങളില്‍ ആറുപേര്‍ വീതം മരിച്ചു. വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം കഴിഞ്ഞ ഒന്‍പതുവര്‍ഷത്തിനുള്ളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. വന്യജീവികളുടെ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണവും വര്‍ഷം തോറും വര്‍ധിച്ചു വരികയാണ്. എന്നാല്‍ അപകടമുണ്ടാകുമ്പോള്‍ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പിന് കഴിയാറില്ല. ഇത് വന്‍പ്രതിഷേധങ്ങള്‍ക്കിടയാക്കാറുമുണ്ട്. 

വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഉയരവെ നഷ്ടപരിഹാരമല്ല കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷക്കായി സ്ഥിരം സംവിധാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം അഞ്ച് ലക്ഷം രൂപയാണ് കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് നിലവില്‍ നഷ്ടപരിഹാരം ലഭിക്കുന്നത്. ഇത് ഏഴുലക്ഷമാക്കി ഉയര്‍ത്തുമെന്ന് വനം മന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും നടപ്പായിട്ടില്ല. കിടങ്ങും വൈദ്യുത വേലിയും ഒരുമിച്ചുള്ളിടങ്ങളില്‍ പോലും കാട്ടാനയെത്തുന്നുവെന്നാണ് ജനങ്ങളുടെ പരാതി. ഇപ്പോള്‍ സമര്‍പ്പിച്ച പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ വന്യമൃഗശല്യത്തിന് തീര്‍ത്തും പരിഹാരം കാണാന്‍ കഴിയുമെന്നാണ് വനംവകുപ്പിന്റെ കണക്ക് കൂട്ടല്‍.