മദ്യം വാങ്ങിയ ശേഷം അവിടെ വെച്ച് തന്നെ മദ്യപിക്കുന്നവരുടെ എണ്ണവും കൂടുകയാണിവിടെ. ഇത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. 

കൊട്ടാരക്കര: സ്ത്രീകളടക്കമുള്ള യാത്രക്കാരെ വലച്ച് കൊട്ടാരക്കരയിലെ മദ്യവില്‍പ്പനശാല. തിരക്കേറിയ കെഎസ്ആര്‍ടിസി , സ്വകാര്യ ബസ് സ്റ്റാന്‍റുകള്‍ക്കിടയിൽ പ്രവർത്തിക്കുന്ന മദ്യവില്‍പനശാലക്കെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ പ്രതിഷേധങ്ങളുണ്ടായിട്ടും യാതൊരും നടപടിയും ബെവ്‍കോയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാന്റിനും പ്രൈവറ്റ് ബസ്റ്റാന്റിനും ഇടയിലുള്ള ഇരുനില കെട്ടിടത്തിന്റെ മുകൾനിലയിലാണ് മദ്യവില്‍പ്പനശാലയുടെ പ്രവര്‍ത്തനം. ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന രണ്ട് ബസ് സ്റ്റാന്‍റുകളിലേക്കും പലപ്പോഴും യാത്രക്കാര്‍ക്ക് , പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രവേശിക്കാനാകില്ല. മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ട നിരക്കൊപ്പം മദ്യം വാങ്ങിയശേഷം അവിടെ വച്ചുതന്നെ കഴിക്കുന്നവരുടെ ശല്യം കൂടുകയാണിവിടെ.

മദ്യപിച്ചെത്തുന്നവരെ പേടിച്ചാണ് കുട്ടികളടക്കമുള്ളവര്‍ യാത്ര ചെയ്യുന്നത്. പരാതിയുമായി യാത്രക്കാരും നാട്ടുകാരും രംഗത്തെത്തിയതോടെ ജനപ്രതിനിധികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. എന്നാല്‍ ബെവ്കോയും കൊട്ടാരക്കര നഗരസഭയും പ്രതിഷേധം കണ്ടമട്ടില്ലെന്ന് നടിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു.