ചേർത്തല: ക്ഷേത്രത്തിനു സമീപം മതില്‍ കെട്ടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. നഗരസഭ നാലാം വാര്‍ഡ് നെടുമ്പ്രക്കാട് ശ്രീരാമചന്ദ്രോദയം സുബ്രഹ്മണ്യം ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപിച്ചാണ് മതിൽ നിർമ്മാണം നാട്ടുകാർ തടഞ്ഞത്. 

മതില്‍ നിര്‍മ്മിക്കാന്‍ കോടതി ഉത്തരവുമായി എത്തി പ്രവർത്തനം തുടങ്ങിയപ്പോയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞത്. പ്രദേശത്തെ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സിഐ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും ഇവിടെ എത്തിയിരുന്നു. സ്ഥലം അളന്ന് കുറ്റിയിടുന്നതിനുള്ള ശ്രമം തുടങ്ങിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പേര്‍ നാമജപങ്ങളുമായി റോഡില്‍ കുത്തിയിരുന്നു.

അനുമതി വാങ്ങാത്തതിനാൽ നഗരസഭ ഉദ്യോഗസ്ഥര്‍ എത്തി മതില്‍ നിര്‍മ്മിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സ്‌റ്റോപ്പ മെമ്മോ അധികാരികാള്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് രംഗം ശാന്തമായത്. സ്ഥലം തന്റേതാണെന്ന് കാട്ടി സമീപവാസി 1993 ല്‍ കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചിരുന്നു. ക്ഷേത്രകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥലമായതിനാൽ ക്ഷേത്രത്തിന് തന്നെ വിട്ടു നല്‍കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.