കാവാലം: ടച്ച് വെട്ടുന്നതിന്‍റെ പേരില്‍ കാവാലത്ത് കെഎസ്ഇബി ജീവനക്കാര്‍ തണല്‍മരങ്ങള്‍ പൂര്‍ണമായും മുറിച്ചു മാറ്റിയതില്‍ പ്രതിഷേധം. കാവാലം-കൈനടി റോഡില്‍ കാവാലം റോഡ്മുക്ക്, പള്ളിയറക്കാവ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് മരങ്ങള്‍ ചുവടോടെ മുറിച്ചു കളഞ്ഞത്.

റോഡുമുക്ക് ഭാഗത്ത് ഒരു മരം മറിച്ചതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് മറ്റു മരങ്ങളുടെ ശിഖരങ്ങള്‍ മാത്രമേ മുറിച്ചു നീക്കിയുള്ളു. പള്ളിയറക്കാവ് ജങ്ഷനിലെ മരങ്ങൾ പൂര്‍ണമായും വെട്ടി മാറ്റി. വിവരമറിഞ്ഞ് എത്തിയവര്‍ ഇവിടെയും പ്രതിഷേധിച്ചു. വര്‍ഷാവര്‍ഷമുള്ള ടച്ച് വെട്ട് ജോലികള്‍ എളുപ്പമാക്കാന്‍ ജീവനക്കാര്‍ മരങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നാണ് ആക്ഷേപം. മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റാന്‍ മാത്രമാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് അധികാരമുള്ളതെന്നിരിക്കെ ഇത്തരത്തില്‍ ചെയ്തതിനെതിരെ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

കെഎസ്ഇബി ലൈന്‍ വലിക്കും മുമ്പ് നട്ട മരങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവയൊക്കെയും ലൈനിന്റെ ഉയരത്തേക്കാള്‍ ഏറെ താഴെയായിരുന്നു. അപകടമൊഴിവാക്കാന്‍ ശിഖരങ്ങള്‍ മാത്രം വെട്ടിമാറ്റിയാല്‍ മാത്രം മതിയെന്നിരിക്കെ മരങ്ങള്‍ ചുവടോടെ ഇല്ലാതാക്കുകയായിരുന്നു. കാവാലം സൂര്യയുവജന ക്ഷേമക്രേന്ദ്രത്തിന്റെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കെ.എസ്.ഇ.ബിയുടെ തിരുവനന്തപുരം പരാതി പരിഹാര സെല്ലിലും ജില്ലാ കലക്ടര്‍ക്കും പരാതികള്‍ നല്‍കി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.