വയനാട്: രാത്രി യാത്രാനിരോധനത്തിനെതിരായ വയനാട് ബത്തേരിയിലെ സമരം ഇന്ന് അവസാനിപ്പിക്കും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ സമരപന്തലിലെത്തി സമരക്കാർക്ക് പൂർണ പിന്തുണ നൽകുന്നതോടെ നിരാഹാരമടക്കം അവസാനിപ്പിക്കാനാണ് സാധ്യത. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപ്പന്തലിലെത്തി സമരക്കാരെ കണ്ടു.

ബന്ദിപ്പൂർ യാത്രാ നിരോധനവിഷയത്തിൽ  സർക്കാർ വയനാടിനോടൊപ്പമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. സുപ്രീം കോടതിയിൽ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം നൽകുന്ന സത്യവാങ്മൂലം എതിരായാൽ കേരളസർക്കാർ ഇടപെടും. മികച്ച അഭിഭാഷകരെ നിയോഗിക്കും - മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി. ശക്തമായ പിന്തുണ നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി.

പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിലൂടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കാനായെന്ന വിലയിരുത്തലിലാണ് സംയുക്ത സമര സമിതി. ഇന്ന് ഗതാഗത മന്ത്രിയടക്കം സമരപ്പന്തലിൽ നേരിട്ടെത്തി പിന്തുണ ആവർത്തിക്കുന്നതോടെ സമരത്തിന്‍റെ ഒന്നാംഘട്ടം അവസാനിപ്പിക്കാനാണ് നിലവിലെ ധാരണ. പക്ഷെ പകൽ കൂടി ഗതാഗത നിയന്ത്രണം നീട്ടാനുള്ള നീക്കം കോടതി ആവർത്തിച്ചാൽ സമരം പുനരാരംഭിക്കുമെന്നു സമരക്കാർ ഓർമപ്പെടുത്തുന്നു.

വൈകിട്ടോടെ മുഴുവൻ സമരാനുകൂലികളെയും പങ്കെടുപ്പിച്ചുള്ള ഐക്യദാർഢ്യ സമ്മേളനവും നടക്കും. ഒക്ടോബർ പതിനെട്ടിനാണ് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുന്നത്.