കാഞ്ഞങ്ങാട്ടെ പ്രതിഷേധ മാർച്ച് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട്: നീലേശ്വരം - ചിത്താരി കൃത്രിമ ജലപാതയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കാഞ്ഞങ്ങാട്ടെ പ്രതിഷേധ മാർച്ച് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

ചരക്ക് നീക്കത്തോടൊപ്പം വിനോദ സഞ്ചാരവും വിഭാവനം ചെയ്യുന്നതാണ് കോവളം - ബേക്കല്‍ ജലപാത. ഇതിൽ നീലേശ്വരം മുതൽ ചിത്താരി വരെ കൃത്രിമ കനലാണ്. ജലപാതക്കെതിരെ ജനകീയ മുന്നണി രൂപീകരിച്ച് സമരത്തിലാണിപ്പോൾ. അരയിപ്പുഴ, ചിത്താരിപ്പുഴ എന്നിവിടങ്ങളില്‍ ഉപ്പുവെള്ളം ആണെന്നിരിക്കെ ഈ വെള്ളം പദ്ധതി പ്രദേശത്ത് എത്തുകയും ഗ്രാമത്തിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടുകയും ചെയ്യുമെന്നാണ് ആശങ്ക.

ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കാരാട്ട് വയല്‍ പദ്ധതി പ്രദേശത്ത് സമാപിച്ചു. ശില്പി കാനായി കുഞ്ഞിരാമനാണ് ഉദ്ഘാടനം ചെയ്തത്. 106 ഏക്കർ സ്ഥലത്തിലൂടെയാണ് കൃത്രിമ കനാൽ കടന്നു പോവുക. 73 കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരുമെന്നാണ് കണക്ക്. കൃത്രിമ കനാല്‍ പദ്ധതി ഉപേക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.