ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജി സ്ഥലത്തെത്തി സാധനങ്ങള്‍ ഏറ്റെടുത്ത് വില്ലേജ് ഓഫീസില്‍ ഇറക്കിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്
ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നെത്തിയ 15 ലക്ഷം രൂപയുടെ സാധനങ്ങള്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍റെ ഓഫീസിലേയ്ക്ക് കടത്താന്‍ ശ്രമിച്ചതായി ആരോപണം. ഇതോടെ ഭക്ഷ്യ സാധനങ്ങളുമായെത്തിയ വാഹനം സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടു. പ്രളയ ബാധിതരായവര്‍ക്ക് സഹായഹസ്തവുമായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ സാധനങ്ങള്‍ എംഎല്‍എയുടെ ഓഫീസിലേക്ക് കടത്താന്‍ ശ്രമിച്ചതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് മൂന്നാര്‍ വില്ലേജ് ഓഫീസില്‍ എത്തിച്ച സാധനങ്ങളാണ് എംഎല്‍എ എസ്. രാജേന്ദ്രന്‍റെ ഓഫീസിലേയ്ക്ക് വഴിതിരിച്ചുവിടാന്‍ ശ്രമം നടത്തിയതായി പ്രതിഷേധക്കാര്‍ പറയുന്നത്. ലോറി എംഎല്‍എയുടെ ഓഫീസിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.
വാഹനം പൊലീസ് ഏറ്റെടുത്ത് സര്‍ക്കാര്‍ സംവിധാനത്തിലേയ്ക്ക് കൈമാറണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതോടെ പ്രശ്‌നം രൂക്ഷമാകുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി സംസാരിച്ചിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജി സ്ഥലത്തെത്തി സാധനങ്ങള്‍ ഏറ്റെടുത്ത് വില്ലേജ് ഓഫീസില്‍ ഇറക്കിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.
തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന വസ്തുക്കള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി വ്യാപകമായിരുന്നു. ഇതോടെ സര്‍വ്വ കക്ഷി യോഗം ചേര്‍ന്ന് ഇത്തരത്തിലെത്തുന്ന സാധനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കീഴില്‍ ഏകോപിച്ച് വിതരണം ചെയ്യണമെന്ന തീരുമാനത്തില്‍ എത്തിയിരുന്നു. എന്നാല്‍, ഈ തീരുമാനം കാറ്റില്‍പ്പറത്തി എംഎല്‍എ സ്വന്തം ഇഷ്ടപ്രകാരം തന്‍റെ ഓഫീസില്‍ എത്തിച്ച് ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്യുന്നതായി സിപിഐ നേതാവ് പി. പളനിവേല്‍ ആരോപിച്ചു.
ഈ ലോറിയില്‍ എത്തിയത് കൂടാതെ ഇത്തരത്തില്‍ നിരവധി സാധനങ്ങള്‍ എംഎല്‍എ ഓഫീസില്‍ എത്തിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായി എസ്. വിജയകുമാര്‍ പ്രതികരിച്ചു. എന്നാല്‍, ആരോപണങ്ങളെ രൂക്ഷമായ ഭാഷയില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എ എതിര്‍ത്തു. ആവശ്യത്തിന് സാധനങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ തന്‍റെ ശ്രമഫലമായാണ് തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ അത്യാവശ്യ വസ്തുക്കള്‍ എത്തിച്ചത്.
എംഎല്‍എ എന്ന നിലയില്‍ തന്‍റെ ഓഫീസില്‍ എത്തിച്ച് ആളുകള്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് നേരത്തെയും ചെയ്തിരുന്നത്. ക്യാമ്പുകളില്‍ നിന്ന് പലരും വീട്ടിലേക്ക് മടങ്ങിയതിനാല്‍ അവര്‍ക്ക് അവിടെ എത്തിച്ചും നല്‍കുന്നുണ്ട്. സാധനങ്ങള്‍ എത്തിച്ചവരുടെ സാന്നിധ്യത്തില്‍ തന്നെയാണ് അവ വിതരണം ചെയ്തിരുന്നതും.
ഏതെങ്കിലും വിഭാഗക്കാര്‍ക്ക് നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ല. ഈ സമയത്ത് രാഷ്ട്രീയം കളിക്കാന്‍ താത്പര്യമില്ലെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് ഓണ്‍ലെെനോട് പറഞ്ഞു. എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭരണകക്ഷിയിലെ തന്നെ ഘടകകക്ഷിയായ സിപിഐയും രംഗത്തെത്തിയത് സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്.
