പ്രദേശത്ത് ലഹരി മാഫിയക്കെതിരെ സിപിഎം പ്രവർത്തിക്കുന്നത് കൊണ്ടാണ് നേതാക്കൾക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് സുനിൽ കുമാർ പറഞ്ഞു.
തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനയ്ക്കെതിരെ പ്രതികരിച്ച സിപിഎം ചൊവ്വള്ളൂർ ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്തിന്‍റെ ബൈക്ക് സാമൂഹ്യ വിരുദ്ധർ കത്തിച്ചതിൽ വ്യാപക പ്രതിഷേധം. നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് സുനിൽ കുമാർ പറഞ്ഞു. പ്രദേശത്ത് ലഹരി മാഫിയക്കെതിരെ സിപിഎം പ്രവർത്തിക്കുന്നത് കൊണ്ടാണ് നേതാക്കൾക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി പി എം തോട്ടമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രധിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ എസ് സുനിൽ കുമാർ. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വീടിന് സമീപത്തെ വഴിയിൽ വെച്ചിരുന്ന രഞ്ജിത്തിന്‍റെ ബൈക്ക് സാമൂഹിക വിരുദ്ധര്‍ പെട്രോൾ ഒഴിച്ച് കത്തിക്കുന്നത്. അക്രമിയുടെ ദൃശ്യം സമീപത്തെ സി സി ടി വി ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. വിളപ്പിൽ ഏരിയ സെക്രട്ടറി ആർ പി ശിവജി, സിപി എം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ ചെറുകോട് മുരുകൻ, ജി സുധാകരൻ നായർ, കെ ജയചന്ദ്രൻ, എം അനിൽകുമാർ, വി എസ് ശ്രീകാന്ത്, ലോക്കൽ സെക്രട്ടറി പി ഷണ്മുഖം തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.
ഇതിനിടെ തിരുവനന്തപുരത്ത് ബാറിൽ വച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരം. ശനിയാഴ്ച രാത്രി പത്തര മണിയോടെ കാട്ടാക്കടയിലെ അഭിരാമി ബാറിൽ വച്ചാണ് സംഭവം. കുറ്റിച്ചൽ ചിറകോണം വിശാഖ് ഭവനിൽ വൈശാഖ് (26) , അന്തിയൂർകോണം ശ്യാം നിവാസിൽ ശരത് (30) , കണ്ടല ഇറയാംകോട് പ്രകാശ് ഭവനിൽ പ്രകാശ് (30) എന്നിവർക്കാണ് കത്തി കുത്തേറ്റത്. മൂവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിലും നെഞ്ചിലും കുത്തേറ്റ വൈശാഖ്, പ്രകാശ് എന്നിവരുടെ നില ഗുരുതരമാണ്. ഇതിൽ പ്രകാശ് അക്രമി സംഘങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് എന്നാണ് വിവരം.
കൂടുതല്‍ വായനയ്ക്ക്: ബാറില്‍ വച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം

