അരൂർ: പല തരം പ്രതിഷേധ സമരങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ റോഡിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കിടന്ന് പ്രതിഷേധിക്കുന്നത് അപൂർവ്വ സംഭവമാണ്. പഞ്ചായത്തിലെ നിരവധി ആളുകൾ നിത്യേന സഞ്ചരിക്കുന്ന തൈക്കൂടം ഫെറി റോഡിന്‍റെ ശോചനീയാവസ്ഥ കണ്ടിട്ടും കാണാതെ പോകുന്ന അധികൃതരുടെ അനാസ്ഥയ്ക്കെതിരെയാണ് പരിസരവാസിയായ ഷൈലജൻ കാട്ടിത്തറ പൊട്ടി തകർന്ന റോഡിലെ ചെളിവെള്ളത്തില്‍ കിടന്ന് പ്രതിഷേധിച്ചത്. 

ഉടൻ തന്നെ കുത്തിയതോട് പൊലീസ് വന്ന് കാട്ടിത്തറയെ അറസ്റ് ചെയ്ത് നീക്കം ചെയ്തു. ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ ചെലുത്തുവാനുള്ള നടപടികൾ ഉണ്ടാക്കാമെന്ന് പൊലീസ് സംസാരിച്ചതിന്‍റെ ഭാഗമായി  ഷൈലജൻ സമരം അവസാനിപ്പിച്ചു.  സനീഷ് പായിക്കാട്, ജോസി മുരിക്കൻ, സുരേഷ്, തുളസീധരൻ, ഉമേഷ്, ജയൻ, ശിവാനന്ദൻ, ബിജു എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. നിരവധി ആളുകൾ കാട്ടിത്തറയുടെ ഈ പ്രതീകാത്മ സമരത്തിന് പിന്തുണയുമായി സമരത്തിൽ പങ്കാളികളായി.